
കോട്ടയം ജില്ലയിലെ പാലാ-തൊടുപുഴ സംസ്ഥാന പാതയ്ക്ക് പടിഞ്ഞാറ് നൂറ്റാണ്ടുകളുടെ പഴമയും പ്രതാപവും പേറുന്ന കുറിഞ്ഞിക്കാവ് വനദുര്‍ഗ്ഗാലയം. ഇവിടെ ക്ഷേത്രവളപ്പില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗരുഡന് ഭക്തരില്‍ അത്ഭുതമുളവാക്കും.
മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ പ്രതിഷ്ഠ വേണമെന്ന് ക്ഷേത്രം തന്ത്രിയുടെ നിര്‍ദ്ദേശത്താല്‍ രാജീവ് വടക്കേടത്ത്, സജീവ് വടക്കേടത്ത് എന്നീ ശില്പികളുടെ നേതൃത്വത്തില്‍ ഒരുവര്‍ഷംകൊണ്ടാണ് ഭീമാകാരമായ ഗരുഡന്റെ പ്രതിഷ്ഠയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ഇത്തരത്തിലുള്ള പ്രതിമ ലോകത്ത് വളരെ അപൂര്‍വ്വമാണെന്ന് പറയപ്പെടുന്നു. പാലാഴി മഥനത്തിനുവേണ്ടി വാസുകിയെ ഗരുഡന് പിടിച്ചുകൊണ്ട് വന്നതായിട്ടാണ് ഇവിടുത്തെ ഗരുഡ സങ്കല്പം.

പ്രതിഷ്ഠാ സമയത്ത് കൃഷ്ണപ്പരുന്ത് പ്രതിഷ്ഠയ്ക്ക് മുകളില്‍ വട്ടമിട്ട് പറന്നത് ഭഗവല്‍സാന്നിധ്യം വെളിപ്പെടുത്തിയതാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. വിവാഹം നടക്കുമ്പോള്‍ വധൂവരന്മാര് പൂക്കള്‍ അര്‍പ്പിച്ച് ഗരുഡന് വലംവയ്ക്കുന്ന ആചാരവും ഇവിടെ ഉണ്ട്. ഗരുഡ വിഗ്രഹം ദര്‍ശിക്കുന്നതിന് വിദേശരാജ്യങ്ങളില്‍നിന്നുപോലും ഭക്തരെത്തുന്നു.
കൊച്ചുകുട്ടികളുടെ ഭയപ്പാട് മാറുന്നതിനും, വിദ്യാഭ്യാസ ഉന്നതിക്കും ഗരുഡനെ വലംവച്ച് പ്രാര്‍ത്ഥിക്കുന്നത് ഗുണകരമാണെന്ന് ഭക്തര്‍ സാക്ഷ്യപ്പെടുത്തുന്നു. ചലച്ചിത്ര പിന്നണി ഗായകന് മധു ബാലകൃഷ്ണനാണ് ഈ ഗരുഡ പ്രതിമ സമര്‍പ്പണം നടത്തിയത്.







Comments