
തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലപര്യടനത്തിന് തയ്യാറെടുക്കവേ സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍മന്ത്രി ജി. സുധാകരന്റെ രൂക്ഷവിമര്‍ശനം. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുസംഭവിച്ചെന്ന് തുറന്നടിച്ച സുധാകരന്റെ അഭിപ്രായത്തോട് നേതൃത്വം ഔദ്യോഗികമമായി പ്രതികരിച്ചിട്ടില്ല.
കേസ് അന്വേഷിക്കുന്ന ഇ ഡിയെ ആര്‍ക്കും തടയാനാകില്ല എന്നും സുധാകരന് ചൂണ്ടിക്കാട്ടി. അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം കെ കണ്ണന് സമര്‍പ്പിച്ച രേഖകള്‍ അപര്യാപ്തമാണെന്ന് ഇ ഡി അറിയിച്ചു. നേരെത്തേ എല്‍ഡിഎഫ് കണ്‍വിനര്‍ ഇപി ജയരാജനും പാര്‍ട്ടിയെ വെട്ടിലാക്കി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരുന്നു. പാര്‍ട്ടിക്ക് ജാഗ്രത കുറവുണ്ടായി എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഏതെങ്കിലും പാര്‍ട്ടിക്കാരോ മറ്റോ അതില്‍ വീണിട്ടുണ്ടെന്ന് കരുതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിശുദ്ധത ഇല്ലാതാകില്ല. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും സഹകരണ പ്രസ്ഥാനം ഇവിടെയുണ്ടാകും. അതിന് ജനങ്ങളുടെ വിശ്വാസമുള്ളതാണ്,' ജി സുധാകരന് പറഞ്ഞു. തെറ്റുകള്‍ തിരുത്തി കുഴപ്പക്കാരെ ശിക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാകണം എന്നും കരുവന്നൂര്‍ കേസില്‍ പണം തട്ടിയെടുത്തുവരുടെ സ്വത്ത് കണ്ടുകെട്ടണം എന്നും ജി സുധാകരന് വ്യക്തമാക്കി. സഹകരണ വകുപ്പ് സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ല എന്നും എല്ലാം സെക്രട്ടറി അറിയണം എന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലം കുഴപ്പങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ഭരണസമിതി ശരിയായി അന്വേഷിക്കാത്തത് കൊണ്ടാണ് എന്നും സുധാകരന് തുറന്നടിച്ചു.
കരുവന്നൂര്‍ പ്രശ്നത്തെ രാഷ്ട്രീയമായി നേരിടാനുള്ള സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും പ്രഖ്യാപിതതീരുമാനത്തിന് ഇതു തിരിച്ചടിയാവും. കഴിഞ്ഞ എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ വികസനങ്ങളുടെ പേരിലാണ് രണ്ടാംസര്‍ക്കാര്‍ വന്നതെന്ന അദ്ദേഹത്തിന്റെ ഓര്‍മപ്പെടുത്തല്‍ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളെ ഉന്നമിട്ടാണെന്നാണ് സിപിമ്മിലെ ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍.






