
കുവൈത്തിലുള്ള ഇന്ത്യൻ നഴ്സുമാര്‍ക്ക് മാർഗ നിർദേശങ്ങള്‍ നല്കി ഇന്ത്യൻ എംബസി. ജോലി ചെയ്യുന്ന പ്രവാസികൾ അവരുടെ സിവിൽ ഐഡി / കോൺട്രാക്റ്റുകളിലെ ജോലിയുടെ നിയമനം അനുസരിച്ച് മാത്രമേ ചുമതലകൾ നിർവഹിക്കാവൂ. മറ്റെന്തെങ്കിലും ജോലി ചെയ്യാൻ നിങ്ങളെ നിർബന്ധിക്കുകയാണെങ്കിൽ മാൻപവർ അതോറിറ്റിയെ വിവരം അറിയിക്കണമെന്ന് എംബസി നിര്‍ദ്ദേശം നല്കി.
ജോലി ചെയ്യുന്ന ആശുപത്രി അല്ലെങ്കിൽ ക്ലിനിക്കിന് സാധുവായ ആരോഗ്യ മന്ത്രാലയ ലൈസൻസും നഴ്സിംഗ് സ്റ്റാഫിനുള്ള ആരോഗ്യ മന്ത്രാലയ, മാൻപവർ അതോറിറ്റി ക്വാട്ട ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
കുവൈത്തിലെ ഏതെങ്കിലും നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നതിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നൽകുന്ന സാധുവായ നഴ്സിംഗ് ലൈസൻസ് നിർബന്ധമാണ്. ഈ ലൈസൻസ് ഇല്ലാതെ നഴ്സിംഗ് സംബന്ധമായ ജോലി സ്വീകരിക്കുന്നത് ശിക്ഷാനടപടികൾക്ക് കാരണമാകും.
തൊഴിലുമായി ബന്ധപ്പെട്ട ചുമതലകൾ മാത്രം നിർവഹിക്കുക. തൊഴിൽ ദാതാവ്/ആശുപത്രി/ക്ലിനിക്ക് നിങ്ങളുടെ പ്രൊഫെെൽ അനുസരിച്ചുള്ളതല്ലാതെ മറ്റേതെങ്കിലും ചുമതലകൾ നിർവഹിക്കാൻ നിങ്ങളെ നിർബന്ധിക്കുകയാണെങ്കിൽ മാൻപവർ അതോറിറ്റിയിൽ പരാതി നൽകണം. എംബസിയുടെ വാട്ട്സ്ആപ്പ് ഹെൽപ്പ് ലൈനിലും (+965-65501769) ബന്ധപ്പെടാം.





