സൗന്ദര്യ മത്സരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യം വരുന്നത് മേക്കപ്പും വസ്ത്രങ്ങളുമൊക്കെയാണ്. എന്നാല്‍ മേക്കപ്പില്ലാത്ത ഒരു സൗന്ദര്യ മത്സരത്തിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനായി കഴിയുമോ. എന്നാല്‍ അങ്ങനെയൊരു സൗന്ദര്യ മത്സരത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.ഇവിടെ മേക്കപ്പില്ലാത്ത സൗന്ദര്യ മത്സരമാണ് നടന്നത്. അതില്‍ വിജയിയായതാകട്ടെ ഇരുപത്തിയാറുകാരിയായ നടാഷാ ബെറെസ്ഫോര്‍ഡ് എന്ന യുവതിയും.
മിസ് ലണ്ടന്‍ 2023 മത്സരമാണ് വ്യത്യസ്തമാര്‍ന്ന രീതിയില്‍ അരങ്ങേറിയത്.മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ ഭാഗമായി നടത്തിയ സൗന്ദര്യ മത്സരത്തിലാണ് നടാഷ വിജയിയായത്. നടാഷ വിജയകിരീടം ചൂടിയത് മറ്റ് പതിനെട്ട് മത്സരാര്‍ത്ഥികളെ പിന്തള്ളിയായിരുന്നു.മുന്‍വര്‍ഷങ്ങളില്‍ ഫില്‍ട്ടറുകളും മേക്കപ്പുമില്ലാത്ത, എഡിറ്റ് ചെയ്യാത്ത ചിത്രങ്ങള്‍ മത്സരത്തിനായി അയക്കണമെന്നാണ് സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നതെങ്കില്‍ ഇക്കുറി മേക്കപ്പ് അണിയുന്നതുതന്നെ ഇല്ലാതാക്കി. ഇക്കുറി ഇങ്ങനെ ചെയ്തത് സ്ത്രീകളെ ശാക്തീകരിക്കാനും സ്വാഭാവികമായ ലുക്കിനെ പ്രോത്സാഹിപ്പിക്കാനുമാണെന്നുമാണ് സംഘാടകരുടെ വാദം.
വൈറ്റ് ലെയ്സ് വസ്ത്രം ധരിച്ച് അഴിച്ചിട്ട മുടിയിഴകളോടെയാണ് നടാഷ വേദിയിലെത്തിയത്. മത്സരാര്‍ഥികളുടെ തൊഴില്‍, വിദ്യാഭ്യാസം, സ്വാഭാവിക സൗന്ദര്യം, ധാര്‍മികമൂല്യങ്ങള്‍ എന്നിവയിലാണ് വിധികര്‍ത്താക്കള്‍ ശ്രദ്ധകേന്ദ്രീകരിച്ചതെന്ന് സംഘാടകര്‍ പറയുന്നു.ഡെന്റല്‍ നഴ്സായി ജോലിചെയ്തു വരികയാണ് നടാഷ. മേക്കപ്പില്ലാതെയും തങ്ങളുടെ ചര്‍മത്തില്‍ സുന്ദരികളായും ആത്മവിശ്വാസമുള്ളവരായും ഇരിക്കാന്‍ തന്റെ വിജയം മറ്റുചെറുപ്പക്കാരായ പെണ്‍കുട്ടികളെയും പ്രചോദിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് നടാഷ പറയുന്നു. ഈവര്‍ഷം അവസാനം നടക്കുന്ന മിസ് ഇംഗ്ലണ്ട് ഫൈനലില്‍ മത്സരിക്കാനൊരുങ്ങുകയാണ് നടാഷയിപ്പോള്.മത്സരത്തില്‍ റണ്ണേഴ്സ് അപ് ആയിരിക്കുന്നത് ഇരുപത്തിമൂന്നുകാരിയും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായ അഫ്രോസ് അമീന്,അക്കൗണ്ട് അസിസ്റ്റന്റായ ഇരുപത്തിയാറുകാരി ടെമി അഡെയെമി എന്നിവരാണ്.






