
തിരുവനന്തപുരം : കായികതാരങ്ങൾക്ക് നൽകിയ പാരിതോഷികങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കായിക താരങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്. സഹായം നൽകുന്നതിൽ പിന്നോട്ട് പോയില്ല. കേരള താരങ്ങളുടെ മെഡൽ വിലപ്പെട്ടതാണ്. താരങ്ങൾക്ക് ജോലി നൽകിയതിൽ റെക്കോഡ് നേടിയുട്ടുണ്ട്.
കായിക രംഗത്തിന് കരുത്താകുന്ന രീതിയിൽ കായിക താരങ്ങളുടെ സംഭാവന മാറ്റിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തിരുവനന്തപുരം എൽഎൻസിപിയിലാണ് ഏഷ്യൻ ഗെയിംസിന് അത്ലറ്റിക്സ് താരങ്ങൾ പരിശീലനം നടത്തിയത്. ഏഷ്യൻ ഗെയിംസിൽ ഒൻപത് മലയാളി താരങ്ങൾ മെഡൽ നേടി. ഒളിംപിക്സിൽ പങ്കെടുത്ത മുഴുവൻ മലയാളികൾക്കും 10 ലക്ഷം വീതം നൽകി.
പിആർ ശ്രീജേഷിന് ഒളിംപിക്സ് മെഡൽ നേടിയപ്പോൾ 2 കോടി രൂപയും ജോലിയിൽ സ്ഥാനക്കയറ്റവും നൽകി. കൃത്യമായ പാരിതോഷികം നൽകി വരുന്നുണ്ട്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്നവർക്ക് 20 ലക്ഷം 10 ലക്ഷം 5 ലക്ഷം എന്ന ക്രമത്തിലാണ് പാരിതോഷികം നൽകിവരുന്നത്.
ചെസ് ഒളിംപ്യാഡിൽ മെഡൽ നേടിയ നിഹാൽ സരിന് പത്ത് ലക്ഷം നൽകി. 2022 ൽ എച്ച്എസ് പ്രണോയ്ക്കും എംആർ അർജുനനും അഞ്ച് ലക്ഷം വീതം നൽകി. ജിവി രാജ പുരസ്കാരത്തിന് പ്രണോയിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദേശീയ ഗെയിംസ് പരിശീലനത്തിന് 5 കോടിയും ഇത്തവണ 4.27 കോടി ആദ്യ ഗഡുവായും അനുവദിച്ചു.
കായിക താരങ്ങൾക്ക് ജോലി നകുന്നതിൽ സർവകാല റെക്കോർഡാണ് ഈ സർക്കാർ ഇട്ടത്. 2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ മുഴുവന്‍ താരങ്ങള്‍ക്കും സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമിലെ മുഴുവന്‍ പേര്‍ക്കും നിയമനം നല്കി. ഇത്തരത്തില്‍ കായിക താരങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവുമാണ് സര്‍ക്കാര്‍ നല്കി വരുന്നത്. തുടർന്നും അതുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ 676 താരങ്ങൾക്ക് സ്പോർട്സ് ക്വോട്ടയിൽ ജോലി നൽകി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന 2010-14 സ്പോർട്സ് ക്വോട്ട നിയമന റാങ്ക് ലിസ്റ്റിലെ 65 പേർക്ക് കൂടി എൽഡിഎഫ് സർക്കാർ നിയമനം നൽകി. 2015-19 കാലത്തിലെ സ്പോർട്സ് ക്വോട്ട നിയമനത്തിന് സർട്ടിഫിക്കറ്റ് പരിശോധന നടക്കുകയാണ്. ഈ വർഷം തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 249 പേർക്ക് ഇതുവഴി ജോലി ലഭിക്കും. പ്രത്യേക പരിഗണന പ്രകാരം സികെ വിനീതിന് നേരത്തെ തന്നെ ജോലി നൽകിയിരുന്നു. കെഎസ്ഇബിയിലും സ്പോർട്സ് ക്വോട്ട നിയമനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






