
സംഗീത സംവിധായകന് ഡി. ഇമ്മന്റെ നടന് ശിവകാര്ത്തികേയനെതിരായ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ശിവര്ത്തികേയന് തന്നെ വഞ്ചിച്ചു എന്നും ഇനി നടനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും ആണ് ഇമ്മന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോളിതാ അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ വാസ്തവിരുദ്ധമാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഇമ്മന്റെ ആദ്യ ഭാര്യ മോണിക്ക റിച്ചാര്‍ഡ്.
2021ല്‍ ആണ് ഇമ്മനും മോണിക്കയും വിവാഹമോചിതരായത്. ബ്ലെസിക്ക കാത്തി, വെറോനിക്ക ദൊറോത്തി എന്നിങ്ങനെ രണ്ട് മക്കളാണ് ഇരുവര്‍ക്കും. ഇരുവരും അമ്മയ്ക്കൊപ്പമാണ് താമസം. വിവാഹമോചിതനായി തൊട്ടടുത്ത വര്‍ഷം ഇമ്മന്‍ വീണ്ടും വിവാഹിതനായി. അന്തരിച്ച കോളിവുഡ് കലാസംവിധായകന്‍ ഉബാല്‍ദിന്റെ മകള്‍ അമേലിയ ആണ് ഇമ്മന്റെ രണ്ടാം ഭാര്യ.
പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഇമ്മന്‍ ഇങ്ങനെ പലതും പറയുന്നത്. ശിവകാര്‍ത്തികേയനെ ഇരയാക്കുകയാണെന്നും മോണിക്ക പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയാണ് ഇമ്മന്‍ വിവാഹ മോചനം വാങ്ങിയത്. ജീവനാംശം നല്‍കിയിട്ടില്ല. പണം വേണോ മക്കള്‍ വേണോ എന്ന് ചോദിച്ചപ്പോള്‍ മക്കള്‍ മതിയെന്ന് താന്‍ പറയുകയായിരുന്നുവെന്നും മോണിക ഒരു പ്രാദേശിക മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
'ശിവകാര്ത്തികേയന് ഞങ്ങളുടെ കുടുംബ സുഹൃത്താണ്. അദ്ദേഹം മാന്യനായ വ്യക്തിയാണ്. ഇമ്മനും ശിവകാര്‍ത്തികേയനും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ കുടുംബത്തിനോടും അദ്ദേഹത്തിന് കരുതലുണ്ടായിരുന്നു. മക്കള്‍ക്കും അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് ഇമ്മനുമായി പിരിയരുതെന്ന് പറഞ്ഞ് ശിവകാര്ത്തികേയന് ഞങ്ങളുടെ അടുത്തേക്ക് വന്നത്.
'ഇമ്മന്‍ മക്കളോടു സ്നേഹമില്ല. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം നോക്കൂ, മക്കളുടെ കൂടെയുള്ള ഒരു ഫോട്ടോ പോലുമില്ല. ഇപ്പോള്‍ അദ്ദേഹത്തിന് അവസരങ്ങളില്ല. അതിനാല്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. തന്റെ വാക്കുകള്‍ ശിവകാര്‍ത്തികേയന്റെ കരിയറിനേയും ജീവിതത്തേയും എങ്ങനെയാണ് ബാധിക്കുക എന്ന് അദ്ദേഹത്തിന് അറിയില്ല. 12 വര്‍ഷം അയാള്‍ക്ക് വേണ്ടി ജീവിതം നശിപ്പിച്ചുവെന്ന കുറ്റബോധം എനിക്കുണ്ട്.
ഇമ്മന്‍ സംസാരിക്കാന്‍ പ്രോജക്ടുകളില്ല. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തുഷ്ടനെങ്കില്‍ എന്തിനാണ് പഴയത് പറയുന്നത്. പാവം ശിവകാര്‍ത്തികേയനെ ഇരയാക്കിയതാണ്. നല്ലത് മാത്രം ആഗ്രആഗ്രഹിച്ച അദ്ദേഹത്തിനു കിട്ടിയത് നാണക്കേടാണ്. അതിനു ഞാന്‍ മാപ്പ് ചോദിക്കുന്നു' മോണിക്ക പറഞ്ഞു.






