
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേസില്‍ സിപിഎം നേതാവ് പി.ആര്.അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയില്‍ വ്യക്തമാക്കി. ഇതു തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്നും ഇ.ഡി കോടതിയില്‍ വെളിപ്പെടുത്തി. രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
അതേസമയം അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും അരവിന്ദാക്ഷന് ജാമ്യം നല്‍കരുതെന്നും ഇ.ഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇ.ഡി ചുമത്തിയതെന്നും ഇതിനു പിന്നില്‍ രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് അരവിന്ദാക്ഷന് പ്രതികരിച്ചത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരന് പി.സതീഷ് കുമാര്‍, ഇടനിലക്കാരന് പി.പി.കിരണ്‍, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പി.ആര്.അരവിന്ദാക്ഷന്, കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടന്റ് സി.കെ.ജില്‍സ് എന്നിവര്‍ക്കെതിരായ കുറ്റപത്രം ഈ മാസം മുപ്പതിനകം സമര്‍പ്പിക്കാനാണ് ഇ.ഡിയുടെ നീക്കം.






