
സ്റ്റൈലും ലുക്കും ഒക്കെയായി ഇന്ന് നമ്മുടെ ഇടയില്‍ തിളങ്ങുന്ന എല്ലാ സെലിബ്രിറ്റികള്‍ക്കും കാണും, തനി സാധാരണക്കാരെ പോലെ ചിലവിട്ട ഒരു സ്കൂള്‍ അല്ലെങ്കില്‍ കോളേജ് കാലം. ഭാവിയില്‍ ഇന്നത്തെ നിലയില്‍ സെലിബ്രിറ്റിയായി മാറുമോ എന്ന് അവര്‍ പോലും കരുതിക്കാണില്ല. അങ്ങനെ ഒരാള്‍ കാവ്യാ മാധവനെ കണ്ടപ്പോള്‍ കൂട്ടുകാരിക്കൊപ്പം നിന്ന് പകര്‍ത്തിയ ഒരു ഫോട്ടോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
രണ്ടു വിദ്യാര്‍ത്ഥിനികള്‍ എന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. അവരാണ് കാവ്യക്കൊപ്പം നില്‍ക്കുന്നത്. ഫോട്ടോയില്‍ ഇടതു ഭാഗത്തായി കാണുന്ന ചുരിദാറുകാരിയെ രണ്ടുവട്ടം നോക്കിയാല്‍ ഒരുപക്ഷെ അതാരെന്നു മനസിലായേക്കും .കാവ്യാ മാധവന് ഒരുകാലത്ത് അയല്പക്കത്തെ പെണ്‍കുട്ടി ഇമേജ് തന്നിരുന്നെങ്കില്‍, അത്പോലെ ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് മിനി സ്ക്രീനിലൂടെ ആ ഇമേജ് തന്ന യുവതിയാണ് ഈ ചിത്രത്തിലെ മറ്റൊരാള്‍. മറ്റാരുമല്ല അശ്വതി ശ്രീകാന്ത്.
അശ്വതി പോലും മറന്നു പോയ ആ ചിത്രം ഗാലറി ഉഴുതുമറിക്കുന്നതിനിടെ പതിയെ പൊന്തിവന്നു. അതാണ് മുകളില്‍ കണ്ടത്. കൂടെയുള്ളയാള്‍ അശ്വതിയുടെ സുഹൃത്താണ് എന്ന് മനസിലാക്കാം. പക്ഷെ മറ്റൊരാളുടെ ചോദ്യം വേറൊരു രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കും.
'അച്ചു ചേച്ചി ചെറുപ്പത്തില്‍ കാവ്യ ചേച്ചിയുടെ കൂടെ അഭിനയിച്ചിട്ടുണ്ടോ' എന്നാണ്. അങ്ങനെയെങ്കില്‍, ഒട്ടേറെ കോളേജ് വിദ്യാര്‍ത്ഥിനി വേഷങ്ങള്‍ ചെയ്ത കാവ്യാ മാധവന്റെ ഒപ്പം അശ്വതി ഉണ്ടായിരുന്നോ എന്ന് സിനിമകള്‍ പരിശോധിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു. മറ്റൊരാള്‍ വേറൊരു കണ്ടെത്തലും നടത്തി. ചിത്രം 'ഇരുവട്ടം മണവാട്ടി' ഷൂട്ടിംഗ് ലൊക്കേഷന്‍ അല്‍ഫോണ്‍സാ കോളേജ്, പാലാ' എന്നാണ്. എന്നാലും സാധ്യതയുണ്ടാവില്ല. അശ്വതിയുടെ ക്രെഡിറ്റ് ലിസ്റ്റില്‍ അങ്ങനെയൊരു ചിത്രമില്ല.
കാവ്യാ മാധവനും, കുഞ്ചാക്കോ ബോബനും നായികാ നായകന്മാരായ ചിത്രമാണ് 'ഇരുവട്ടം മണവാട്ടി'. 2005ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. സനല്‍ സംവിധാനം ചെയ്ത ചിത്രമാണിത്.






