വൃശ്ചികം, ധനു, മകരം ഈ മൂന്ന് മാസങ്ങള്‍ ദക്ഷിണായനത്തിലെ അവസാന മാസങ്ങളാണ്. മകരം മുതല്‍ ഉത്തരായണം. ദക്ഷിണായനകാലം പൊതുവേ അശുഭത്വമുള്ളതാണ്. ഇതിനൊരു പരിഹാരമായിട്ടാണ് വൃശ്ചികം-ധനു മാസങ്ങളില്‍ കഠിനമായ വ്രതാനുഷ്ഠാനങ്ങള്‍ വേണമെന്ന് നിശ്ചയിച്ചിരിക്കുന്നത്.
ജ്യോതിഷമനുസരിച്ച് വൃശ്ചികം എട്ടാമത്തെ രാശിയാണ്. ധനു ഒന്പതാമത്തെയും. എട്ട് മൃത്യുവിനെ കുറിക്കുന്നു. വൃശ്ചികം രാശിയുടെയും മേടം രാശിയുടെയും അധിപനായ ചൊവ്വ യുദ്ധം, ശത്രുത, പ്രകൃതിക്ഷോഭം ഇവയുടെ കാരണക്കാരനാണ്. മനുഷ്യരാശിയില്‍ ഈ കാലത്ത് സാരമായ ഭൗതികദോഷങ്ങള് ഉണ്ടാകാറുണ്ട്. ഈശ്വരോപാസനയിലൂടെ മാത്രമേ അവയെ തരണം ചെയ്യാനാകൂ. അതുകൊണ്ടുകൂടിയാണ് വൃശ്ചികമാസം വ്രതകാലമായത്.
ധനുമാസം വിജയത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകവും സ്ഥാനവുമാണ്. മൃത്യുവിന്റെ എട്ടാം സ്ഥാനത്തുനിന്ന് ഈശ്വരോപാസനയിലൂടെ വിജയത്തിലേക്കും ഭാഗ്യത്തിലേക്കും എത്തുന്നു. ശബരിമല തീര്‍ത്ഥാടനമാണ് മണ്ഡലകാലത്തെ ഏറ്റവും പുണ്യപ്രധാനമായ ചടങ്ങ്. വൃശ്ചികലഗ്നത്തില്‍ ധനുമാസത്തിലെ ഉത്രം നക്ഷത്രത്തിലായിരുന്നു അയ്യപ്പജനനം. അങ്ങനെ മണ്ഡലവ്രതം അയ്യപ്പചരിതവുമായി ബന്ധപ്പെടുന്നു.






