
തനിക്ക് അർബുദ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞെന്നും ശസ്ത്രക്രിയയ്ക്ക് വിധേയമായെന്നും വ്യക്തമാക്കി ജോസ് കെ.മാണിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ നിഷ ജോസ്. സമൂഹ മാധ്യമത്തിലൂടെയാണ് രോഗവിവരത്തെ സംബന്ധിച്ച് നിഷ വെളിപ്പെടുത്തിയത്. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നെന്നും മാമോഗ്രാം വഴിയാണ് രോഗം കണ്ടെത്തിയതെന്നും നിഷ വ്യക്തമാക്കി.
‘ജൂൺ 19, 2013; ഞാനൊരു ഹെയർ ഡൊണേഷൻ വിഗ് ഡൊണേഷൻ മൂവ്മെന്റ് തുടങ്ങിയ ദിവസമാണ്. അതിന് ശേഷം ഒത്തിരി രോഗികളെ കണ്ടു, അവരെ സഹായിച്ചു. കൂടാതെ കാൻസർ അവയർനെസ് ക്യാമ്പുകൾ നടത്താൻ പറ്റി. സെൽഫ് എക്സാമിനേഷന്റെയും മാമോഗ്രാമിന്റെയും ആവശ്യകത ആളുകളെ മനസ്സിലാക്കി കൊടുക്കാറുണ്ട്’. നിഷ പറഞ്ഞു.
എല്ലാ വർഷം മാമോഗ്രാം ചെയ്യാറുണ്ടെന്നും കഴിഞ്ഞ മാസം മാമോഗ്രാം ചെയ്തപ്പോഴാണ് അർബുദമാണെന്ന് മനസ്സിലായതെന്നും നിഷ പറഞ്ഞു. സർജറി ചെയ്തെന്നും തനിക്ക് യാതൊരു വിധത്തിലുള്ള രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും നിഷ വിഡിയോയിൽ വ്യക്തമാക്കി.
അർബുദത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ലായിരുന്നു. മാമോഗ്രാം വഴി മാത്രം കണ്ട് പിടിച്ചതാണ് തന്റെ രോഗം. രണ്ട് അനുഗ്രഹമാണ് എനിക്ക് ലഭിച്ചത്. ഒന്ന് കുടുംബത്തിന്റെ പിന്തുണ, രണ്ടാമതായി തനിക്ക് ഉള്ളിലുള്ള കരുത്താണെന്നും നിഷ പറഞ്ഞു. ക്യാൻസറിനെ തോൽപ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഉണ്ടായിരുന്നതായി നിഷ ജോസ് പറഞ്ഞു. ക്യാൻസറിനെ കീഴടക്കിയിട്ടേയുള്ളൂ കാര്യമെന്ന് ചിന്തിച്ചുവെന്നും അവർ പറഞ്ഞു.
ഒരു എക്സ് റേ ഉപയോഗിച്ച് സ്തനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നോക്കുന്നതിനെയാണ് മാമോഗ്രാം എന്നു പറയുന്നത്. പല വികസിത രാജ്യങ്ങളിലും ഒരു റുട്ടീൻ സ്ക്രീനിങ് പ്രോഗ്രാം ആയി മാമോഗ്രാം ഉണ്ട്. തത്ഫലമായി വളരെ നേരത്തേതന്നെ സ്തനാർബുദം കണ്ടെത്താൻ സാധിക്കും.






