
ഇതരഭാഷാ വിജയ ചിത്രങ്ങള്‍ കേരളത്തിന് നേടുന്ന കളക്ഷനില്‍ സമീപകാലത്ത് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഇതരഭാഷാ വിജയങ്ങളുടെ ലിസ്റ്റ് ഇടയ്ക്കിടെ പരിഷ്കരിക്കപ്പെടുന്നുമുണ്ട്. അത്തരത്തില്‍ ലിസ്റ്റിലെ പുതിയൊരു പരിഷ്കരണം പുതുതായി നടക്കാന്‍ പോവുകയാണ് ഇന്ന്.
ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയം വിജയം എന്ന റെക്കോര്‍ഡ് ജയിലറിന്റെ പേരിലാണ്. എന്നാല്‍ തീയറ്ററുകളിലുള്ള വിജയ് ചിതിരം ലീയോ ജയിലറിനെ പിന്തള്ളി ലിസ്റ്റില്‍ ഒന്നാമതെത്താന്‍ പോകുകയാണ്. കേരളത്തില്‍ ജയിലര്‍ നേടിയത് 57.7 കോടി ആയിരുന്നു.
ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം 15 ദിവസം കൊണ്ട് (നവംബര്‍ 2 വരെ) ഇവിടെ നിന്ന് നേടിയത് 57 കോടിയാണ്. ഇന്നത്തെ കളക്ഷന്‍ കൂടി ചേരുമ്പോള്‍ ചിത്രം ജയിലറിനെ മറികടക്കുമെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.
കോളിവുഡില്‍ നിന്ന് ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം എന്നതായിരുന്നു ചിത്രത്തിന്റെ യുഎസ്പി. വിജയ് എല്‍സിയുവിലേക്ക് (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) വരുമോ എന്നത് വിജയ് ആരാധകരുടെ വലിയ കൌതുകമായിരുന്നു. എല്‍സിയു റെഫറന്സുകളോടെയാണ് ലോകേഷ് ലിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്.






