
തിരുവനന്തപുരം :കൊച്ചി: ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നിയുക്ത മേല്‍ശാന്തിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് കോടതി പറഞ്ഞു. മേല്‍ശാന്തി നറുക്കെടുപ്പില്‍ പേപ്പറുകള്‍ മടക്കിയിട്ടത് യാദൃച്ഛികമെന്നും കോടതി അഭിപ്രായപ്പെട്ടു.
നറുക്കെടുപ്പിൽ ക്രമക്കേട് ആരോപിച്ചു തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരി നൽകിയ ഹർജിയാണു ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്. നറുക്കെടുപ്പിൽ കൃത്രിമത്വം കാട്ടിയെന്നാണ് ആക്ഷേപം. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നായിരുന്നു പ്രധാന ആരോപണം.മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മഹേഷിന്റെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് പുതിയ ആളെ തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം.
കോടതി നിര്‍ദേശപ്രകാരം മേല്‍ശാന്തി നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ശ്രീകോവിലിനു മുന്പില് നറുക്കെടുപ്പ് നടക്കുന്നതിന്റെ 19.12 മിനിറ്റുള്ള വിഡിയോ ദൃശ്യങ്ങള്‍ ഇന്നലെ തുറന്ന കോടതിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരിശോധിച്ചിരുന്നു.
മൂവാറ്റുപുഴ ഏനാനല്ലൂര്‍ പുത്തില്ലത്ത് പി എന്‍ മഹേഷിനെയാണ് ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി വിമര്‍ശിച്ചു. നറുക്കെടുപ്പ് സമയത്ത് ശ്രീകോവിലിന് മുന്നില്‍ തിക്കും തിരക്കും ഉണ്ടായ സാഹചര്യത്തിലാണ് വിമര്‍ശനം. നറുക്കെടുപ്പിന്റെ നടപടിക്രമങ്ങളില്‍ പങ്കാളികള്‍ അല്ലാത്തവരെ സോപാനത്തില്‍ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്കി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന് അദ്ധ്യക്ഷനായ ദേവസ്വം ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്.






