
സിഎംഎഫ്ആർഐ ഇന്ത്യയുടെ കടൽ മത്സ്യസമ്പത്തിലേക്ക് രണ്ട് നെയ്മീനുകളെ കൂടി കണ്ടെത്തി. ഇതില്‍ ഒന്ന് പുതുതായി കണ്ടെത്തിയ അറേബ്യൻ സ്പാരോ നെയ്മീനാണ്. സ്കോംബെറോമോറസ് അവിറോസ്ട്രസ് എന്നാണ് ഇതിന്റെ ശാസ്ത്രീയമായ നാമം. രണ്ടാമത്തേത് റസൽസ് പുള്ളിനെയ്മീനാണ്. ഇതോടെ, ഇന്ത്യൻ കടലുകളിൽ നെയ്മീനുകളുടെ എണ്ണം നിലവിലെ നാലിൽ നിന്നും ആറായി ഉയർന്നു.
സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെ
ഇന്ത്യയുടെ വിവിധ തീരങ്ങളിൽ നിന്ന് ശേഖരിച്ച പുള്ളി നെയ്മീനുകളിൽ നടത്തിയ വിശദമായ വർഗീകരണ - ജനിതക പഠനമാണ് ഈ നേട്ടത്തിലേക്ക് എത്തിച്ചത്. മുമ്പ് ഒരൊറ്റ ഇനമായി കണക്കാക്കപ്പെട്ടിരുന്ന പുള്ളി നെയ്മീൻ യഥാർത്ഥത്തിൽ മൂന്ന് വ്യത്യസ്തയിനം മീനുകളാണെന്ന് പഠനത്തിൽ വ്യക്തമായി.
അറബിക്കടൽ തീരത്ത് മംഗലാപുരത്ത് നിന്നും വടക്കോട്ടുള്ള സ്ഥലങ്ങളിലാണ് അറേബ്യൻ സ്പാരോ നെയ്മീൻ ലഭ്യമാകുന്നത്. അറേബ്യൻ ഗൾഫ് വരെ കടലിൽ ഈ മത്സ്യം കാണപ്പെടുന്നുണ്ട്. കുരുവിയുടേതിന് സാമ്യമായ ചുണ്ടുള്ളതിനാലാണ് ഇവയ്ക്ക് ശാസ്ത്രസംഘം ഈ പേര് നൽകിയത്. മറ്റ് രണ്ട് മീനുകളും ബംഗാൾ ഉൾക്കടലിന്റെ തീരങ്ങളിൽ നാഗപ്പട്ടണത്തിന് വടക്കോട്ടുള്ള ആൻഡമാൻ ഉൾപ്പെടയുള്ള തീരങ്ങളിലാണ് ലഭ്യമാകുന്നത്.






