
കൊച്ചി: സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി യമന്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടുന്നവരുടെ പട്ടിക രണ്ടുദിവസത്തിനകം കേന്ദ്രസര്‍ക്കാരിനു കൈമാറും. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും കൈമാറും. നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി യമന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന അമ്മ പ്രേമകുമാരിയുടെ ആവശ്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നു ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലെ വധശിക്ഷയ്ക്കെതിരേ നിമിഷപ്രിയ നല്കിയ അപ്പീല്‍ യമന്‍ സുപ്രീം കോടതി തള്ളിയതായി കേന്ദ്രസര്‍ക്കാര്‍ ഇന്നു വാക്കാല്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ നിലനിന്നതിനാല്‍, അതില്‍ തീരുമാനമറിഞ്ഞശേഷം ചര്‍ച്ചയാകാമെന്നായിരുന്നു യെമന്‍ പൗരന്റെ ബന്ധുക്കളുടെ നിലപാട്. സുപ്രീംകോടതി തീരുമാനമെടുത്തതോടെ ഇനി ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നു നമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്കുവേണ്ടി ഹാജരായ അഭിഭാഷകന് കെ.എം. സുഭാഷ് ചന്ദ്രന് പറഞ്ഞു.
വധശിക്ഷ ഒഴിവാക്കാന്‍ ഇനി യമന്‍ രാഷ്ടപ്രതിക്കു മാത്രമേ കഴിയുകയുള്ളൂവെന്നാണു കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ വാക്കാല്‍ അറിയിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ യമനിലെ മറ്റു നടപടികള്‍ എന്താണെന്നു അറിയാന്‍ അവിടത്തെ അഭിഭാഷകരുമായി ചര്‍ച്ച നടത്തും. രണ്ടാഴ്ചയ്്ക്കം പോകാനാകുമെന്നാണു പ്രതീക്ഷയെന്നു അഭിഭാഷകന് പറഞ്ഞു. വധശിക്ഷയ്ക്കെതിരേ നിമിഷപ്രിയ നല്കിയ അപ്പീല്‍ സനയിടെ സുപ്രീംകോടതി തള്ളിയെന്നാണു തങ്ങള്‍ക്കുലഭിച്ച വിവരമെന്നാണു കേന്ദ്രം വാക്കാല്‍ ഹൈക്കോടതിയെ അറിയിച്ചത്. യമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദി 2017 ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരേ നല്കിയ അപ്പീലാണു യമന്‍ സുപ്രീം കോടതി ഇപ്പോള്‍ തള്ളിയത്.
വധശിക്ഷ ഒഴിവാക്കാന്‍ ഇനി യമന്‍ രാഷ്ട്രപതിക്കു മാത്രമേ കഴിയൂ എന്നാണു കേന്ദ്രത്തിന്റെ നിലപാടെങ്കിലും ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവു ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണു പ്രേമകുമാരിയുടെ വാദം. സുപ്രീം കോടതി അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ അടിയന്തരമായി യമന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്കാന് നിര്ദേശിക്കണമെന്നു അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണു യമന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്കുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തോടു നിര്‍ദേശിച്ചത്. സ്വന്തം ഉത്തരവാദിത്വത്തില്‍ നിമിഷപ്രിയയുടെ അമ്മ യമനില്‍ പോകുന്നതില്‍ എതിര്‍പ്പില്ലെന്നു കേന്ദ്രം വാക്കാല്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.






