
ന്യൂഡല്‍ഹി: ഓള് ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് മേധാവിയായി പാര്‍ട്ടിയുടെ ഡേറ്റ അനലിറ്റിക്സ് വിഭാഗം മേധാവിയായ പ്രവീണ്‍ ചക്രവര്‍ത്തി സ്ഥാനമേറ്റു. ബോഡിയുടെ സ്ഥാപക ചെയര്‍മാനായിരുന്ന ശശീ തരൂര്‍ പ്രവര്‍ത്തക സമിതിയിലേക്ക് നിയമിക്കപ്പെട്ടതോടെയാണ് പ്രവീണ്‍ ചക്രവര്‍ത്തി ചുമതലയേറ്റത്.
രാജ്യത്ത് ജോലി ചെയ്യുന്ന പ്രൊഫഷണല്‍സ്, സംരഭകര്‍ എന്നിവരുമായി ഇടപഴകാനും ചര്‍ച്ച നടത്താനുമാണ് 2017 ല്‍ പാര്‍ട്ടി പ്രൊഫഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. അന്നുമുതല്‍ തരൂരാണ് എഐപിസിയുടെ തലവന്‍. അതേസമയം ഡാറ്റാ വിശകലനം മേധാവിയായി പ്രവീണ്‍ ചക്രവര്‍ത്തി തുടരും.
രാജ്യത്തിന്റെ നാനാത്വവും ഏകത്വവും ആക്രമിക്കപ്പെടുന്ന സമയമാണിത്. ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് പ്രൊഫഷണല്‍ വിഭാഗത്തെയും അണിനിരത്തേണ്ടതുണ്ട്. ഡിജിറ്റല്‍ ആക്ടിവിസം, സ്ട്രീറ്റ് ആക്ടിവിസം, ഹാഷ്ടാഗ് കാമ്പെയ്നുകള്‍, വെര്‍ച്വല്‍ ഇവന്റുകള്‍ ഉള്‍പ്പടെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രവീണ്‍ ചക്രവര്‍ത്തി വ്യക്തമാക്കി.






