
ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് ആറു വിക്കറ്റിന് തോല്‍വി ഏറ്റുവാങ്ങിയതില്‍ രാജ്യം മുഴുവന്‍ ഇന്ത്യന്‍ കളിക്കാരെ ആശ്വസിപ്പിക്കുമ്പോള്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യയുടെ മൂന് താരം ഗൗതം ഗംഭീര്‍. മദ്ധ്യ ഓവറുകളില്‍ ബൗണ്ടറികളും സിക്സറുകളും പറത്താന്‍ ഇന്ത്യന്‍ കളിക്കാര്‍ റിസ്ക്ക് എടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ കളി മാറിയേനെയെന്ന് ഗംഭീര്‍ വിമര്‍ശിച്ചു.
''ഏറ്റവും ധൈര്യമുള്ള ടീമായിരിക്കും ലോകകപ്പ് വിജയിക്കുക. ഒരു പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കാന്‍ 11 മുതല്‍ 40 വരെ ദീര്ഘസമയമാണ് കിട്ടിയത്. ഒരാള്‍ റിസ്ക്ക് എടുക്കണമായിരുന്നു. ഏറ്റവും മികച്ച ആറോ ഏഴോ ബാസ്റ്റ്മാന്മാരുള്ള ഇന്ത്യ 150 ന് പുറത്തായാല്‍ പോലും ആക്രമിച്ച് കളിക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ഒരു ലോകകപ്പ് ഫൈനലില്‍ 240 പ്രതിരോധിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍... നിങ്ങള്‍ അവിടെ പോരാടുന്നില്ല എന്ന് പറയേണ്ടി വരും. ഒന്നുകില്‍ നമ്മള് 150 ഓള് ഔട്ട്, അല്ലെങ്കില്‍ 300. അവിടെയാണ് ഇന്ത്യയുടെ കുറവ്. അതാണ് ഇന്ത്യ ഐസിസി ടൂര്‍ണമെന്റുകളില്‍ വിജയിക്കാത്തത്. ഞാന്‍ പുറത്തായാലും ഞങ്ങള്‍ ആക്രമണോത്സുകത കാണിക്കണം എന്ന സന്ദേശം രോഹിത് കളിക്കുന്നതിന് മുമ്പ് നല്‍കണമായിരുന്നു, ''അദ്ദേഹം പറഞ്ഞു.
നാലാം വിക്കറ്റില്‍ വിരാട് കോഹ്ലിയും കെ.എല്‍. രാഹുലും ചേര്‍ന്ന പാട്ണര്‍ഷിപ്പ് 109 പന്തുകളില്‍ 67 റണ്‍സായിരുന്നു. കോഹ്ലി ബൗണ്ടറികള്‍ കണ്ടെത്തിയില്ലെങ്കിലൂം സ്ട്രൈക്ക് റേറ്റ് കൊണ്ടുപോയി. 63 പന്തുകളില്‍ 54 ന് പുറത്താകുകയും ചെയ്തു. എന്നാല്‍ രാഹുല്‍ നേടിയത് 107 പന്തുകളില്‍ 66 റണ്‍സാണ്. കോഹ്ലി ആങ്കറിംഗ് ജോലി ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ അടിക്കണമായിരുന്നു. കെ.എല്‍. രാഹുല്‍ പുറത്തായാല്‍ ചിലപ്പോള്‍ നമ്മള് 150 ന് ഓള് ഔട്ടാകുമായിരിക്കാം. എന്നാല്‍ ഒരു 310 റണ്‍സ് ഉണ്ടായിരുന്നെങ്കില്‍ ലോകചാംപ്യന്മാരാകാനും കഴിയുമായിരുന്നു. 240 മികച്ച സ്കോര്‍ ആകാന്‍ ഇത് 1990 കള്‍ അല്ല. 300 ന് മുകളിലുള്ള സ്കോറാണ് ഇപ്പോള്‍ വേണ്ടത്.
2011 ല്‍ ലോകകപ്പ് നേടിയ ടീമിലെ നിര്‍ണ്ണായക താരമായിരുന്നു ഗംഭീര്‍. ഫൈനലില്‍ ഗംഭീര്‍ നേടിയ 97 റണ്‍സിന്റെ ഇന്നിംഗ്സ് ഇന്ത്യയ്ക്ക് കപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഫൈനലില്‍ 10 ഓവറില്‍ 80 റണ്‍സ് നേടിയ ഇടത്തു നിന്നുമാണ് ഇന്ത്യ 240 എന്ന് സ്കോറിലേക്ക് വീണു പോയത്. അതിന് ശേഷമുള്ള ഇന്നിംഗ്സുകളില്‍ കാര്യമായ ബൗണ്ടറികളും സ്കോറിലേക്ക് വന്നില്ല.






