
കോഴിക്കോട്: സർക്കാരിന്റെ നവകേരള സദസ് പരിപാടിക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെ എംഎസ്എഫ് രംഗത്ത്. ക്ലാസ് മുടക്കി വിദ്യാർഥികളെ കൊണ്ട് പോകാൻ ശ്രമിച്ചാൽ തടയുമെന്ന് എംഎസ്എഫ് അറിയിച്ചു. തിരൂരങ്ങാടി ഡിഇഒയുടെ നിർദേശത്തിന് പിന്നാലെയാണ് എംഎസ്എഫിന്റെ പ്രതികരണം. നവകേരള സദസിനെതിരെ സമരം ഉണ്ടാകില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്. ഇത് തള്ളുന്നതാണ് എംസ് എഫ് തീരുമാനം.
നവകേരള സദസിലേക്ക് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകിയിരുന്നു. ഒരു സ്കൂളിൽ നിന്ന് നൂറു മുതൽ 200 കുട്ടികളെ വീതം എത്തിക്കാനാണ് നിർദേശം. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലായിരുന്നു നിർദേശം. യോഗത്തിൽ വെച്ചു തന്നെ പ്രധാന അധ്യാപകർ തീരുമാനം ചോദ്യം ചെയ്തതോടെ മുകളിൽ നിന്നുള്ള ഉത്തരവ് ആണെന്നായിരുന്നു ഡിഇഒ യുടെ മറുപടി. അച്ചടക്കമുള്ള വിദ്യാർഥികളെ എത്തിക്കാനും അധ്യാപകരോട് അവരെ അനുഗമിക്കാനും നിർദേശത്തിൽ പറയുന്നു.
സിപിഎമ്മുകാരുടെ പാര്‍ട്ടി പരുപാടി വിജയിപ്പിക്കാനല്ല കുട്ടികളെ സ്കൂളിലേയക്ക് വിടുന്നത്. നവകേരള സദസ് വിദ്യാര്‍ത്ഥികളെ വച്ച് വിജയിപ്പിക്കാനാണ് ശ്രമമെങ്കില്‍ അനുവദിക്കില്ലെന്ന് എം.എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് പറഞ്ഞു.






