
കോഴിക്കോട്: നവകേരള സദസിന്റെ ഭാഗമായി വീടുകളിൽ ദീപം തെളിയിക്കാൻ നിർദ്ദേശം. കോഴിക്കോട് പുറമേരി പഞ്ചായത്താണ് ജനങ്ങൾക്ക് ഇത്തരത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 6.30 നാണ് വീടുകളിൽ ദീപം തെളിയിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. നാളെ വൈകിട്ട് 3 മണിക്ക് മേമുണ്ടയിൽ നവകേരളസദസ് നടക്കുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം.
അതേസമയം കൊയിലാണ്ടി നഗരസഭയിലെ എല്ലാ സ്ഥാപനങ്ങളും വൈകിട്ട് ദീപം കൊണ്ട് അലങ്കരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭസെക്രട്ടറി ഉത്തരവിറക്കി. ഇന്ന് മുതല്‍ 25 തീയതി വരെ നഗരസഭ പരിധിയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതിവത്കരിക്കാനാണ് നോട്ടീസില്‍ പറയുന്നു. അലങ്കരിക്കുക മാത്രമല്ല സ്ഥാപനങ്ങളുടെ മുന്‍ വശവും പരിസരവും വൃത്തിയാക്കണമെന്നും നഗരസഭ സെക്രട്ടറി ,ചെയര്‍പേഴ്സണ്‍ എന്നിവരുടെ പേരില്‍ അയച്ച നോട്ടീസില്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെ വിവാദ പരിപാടിയിൽ ജീവനക്കാരെ അണിനിരത്താൻ ആവശ്യപ്പെട്ട് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ വകുപ്പു മേധാവികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കത്ത് നൽകിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. പ്രസിഡൻറിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാര്‍ പ്രതിക്ഷേധിച്ചു.






