
തിരൂര്‍: സംസ്ഥാനത്തിന്റെ വിഹിതം കൃത്യമായി നല്‍കിയെന്ന കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രസ്താവനയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി നമ്മുടെ സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. അത് പൊതു അഭിപ്രായമായി വരുമ്പോള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ തമസ്കരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് തന്നെ വസ്തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയതാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കണ്ടത്.
നമ്മള് സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി നമുക്ക് ലഭിക്കേണ്ട നികുതി വിഹിതം കിട്ടണം എന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളോട് ആരോഗ്യപരമായ സമീപനം ആയിരിക്കണം കേന്ദ്രസര്‍ക്കാരിന് ഉണ്ടാകേണ്ടത്. ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണം എന്നതാണ് നമ്മുടെ ആവശ്യം. ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിയുടെവിഹിതവും ഗ്രാന്റും അര്‍ഹതപ്പെട്ടത് കിട്ടേണ്ടതുതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന നവകേരള സദസ്സിനിടെ തിരൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്ന നിലയാണ് വന്നിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിര്‍മ്മിച്ചപ്പോള്‍ 32,171 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മള് സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നല്‍കുന്നുണ്ട്. പിഎംഎവൈ അര്‍ബന്റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നല്കി. എല്ലാം ചേര്‍ത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45%) മാത്രമാണ് ഈ തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്.
പി എം എ വൈ ഗ്രാമീണില്‍ മൂന്ന് വര്‍ഷമായി ടാര്‍ഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ല, അതിനാല്‍ പുതിയ വീടുകള്‍ അനുവദിക്കാന്‍ ഈ മേഖലയില്‍ ഇപ്പോള്‍കഴിയുന്നില്ല. എന്നിട്ടും കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് കേന്ദ്രത്തിന്റെ ബ്രാന്‍ഡിങ് വേണം എന്നാണ്. ലൈഫ് വീടുകള്‍ ഒരു ബ്രാന്‍ഡിങ്ങുമില്ലാതെ പൂര്‍ത്തിയാക്കി ജനങ്ങള്‍ ജീവിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എങ്ങനെ ലഭിച്ച വീടാണെന്ന ആ കാഴ്ചപ്പാടിനാണ് വിരുദ്ധമാണ് കേന്ദ്ര നിലപാട്. ഞങ്ങളുടെ പേര് വെക്കുന്നുണ്ടെങ്കില്‍ പറയാം. അതും വെക്കുന്നില്ലല്ലോ. ഇത് ജനങ്ങളുടെ അവകാശമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്നാല്‍ ആരുടെയെങ്കിലും സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് പണം ചെലവഴിക്കുന്ന പദ്ധതികള്‍ അല്ല. ഇന്നാട്ടിലെ ജനങ്ങള്‍ നല്കുന്ന നികുതിപ്പണം ഉള്‍പ്പെടെ പൊതു സമ്പത്ത് വിനിയോഗിക്കുന്ന പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം സാമൂഹിക ഉന്നമനത്തിന്റേതായ എല്ലാ സൂചികകളിലും മുന്നിലാണ്. ആ മുന്നേറ്റത്തെ ഒരു ശിക്ഷാ മാര്‍ഗമായി കാണുകയാണ് കേന്ദ്ര സര്‍ക്കാര്‍. ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കേണ്ട വിഹിതം വര്‍ഷങ്ങളായി ഗുണഭോക്താക്കള്‍ക്ക് കേരളമാണ് വിതരണം ചെയ്യുന്നത്. ഇനി കുടിശ്ശികയില്ല. എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ തെറ്റിദ്ധരിപ്പിക്കലാണ്. പണം അകാരണമായി വര്‍ഷങ്ങള്‍ തടഞ്ഞുവെച്ച ശേഷം നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് 2021 ജനുവരി മുതല്‍ 2023 ജൂണ്‍ വരെയുള്ള കേന്ദ്രത്തിന്റെ വിഹിതം തടഞ്ഞു വെച്ചത് ഇപ്പോള്‍ റിലീസ് ചെയ്യേണ്ടി വന്നത്.കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച നിബന്ധനകളെല്ലാം പാലിച്ചിട്ടും കുടിശ്ശിക തരാത്തതിനാല്‍ സെപ്തംബറില്‍ മന്ത്രി എം.ബി രാജേഷ് നേരിട്ട് ഡല്‍ഹിയില്‍ പോയി കേന്ദ്രമന്ത്രിമാരെ കണ്ടു. എന്തുകൊണ്ടാണ് പണം അനുവദിക്കാത്തത് എന്നതിന് കൃത്യമായ ഒരു വിശദീകരണവും പറയാന്‍ കേന്ദ്രമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിഞ്ഞില്ല.
കേരളത്തില്‍ ആകെ സാമൂഹ്യസുരക്ഷാ പെന്ഷന് വാങ്ങുന്നതിന്റെ 16.62% പേര് മാത്രമാണ് കേന്ദ്ര വിഹിതം ഉള്ള പെന്ഷന് ഗുണഭോക്താക്കള്‍. 8,46,456 പേര്. 80 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാര്‍ദ്ധക്യ പെന്‍ഷനിലെ കേന്ദ്ര വിഹിതം 500 രൂപയാണ്. 60 മുതല്‍ 80 വയസ്സുള്ളവര്‍ക്ക് കേന്ദ്ര പെന്ഷന് വെറും 200 രൂപ. വിധവകള്‍ക്കും വികലാംഗര്‍ക്കുമുള്ള കേന്ദ്ര പെന്ഷന് 300 രൂപ. കേരളം കേന്ദ്രത്തിന്റെ പെന്‍ഷന്‍കാര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്ക്കും 1600 രൂപ നല്കുന്നു. കേന്ദ്രസര്‍കാര്‍ നല്‍കേണ്ട തുക വര്‍ഷങ്ങള്‍ കുടിശിക വരുത്തിയപ്പോഴും കേരളം ഗുണഭോക്താക്കളിലെത്തിക്കുന്നു.
കേന്ദ്രതൊഴിലുറപ്പു പദ്ധതിയോടുള്ള കേന്ദ്ര സമീപനവും വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ തൊഴിലുറപ്പു പദ്ധതി നടക്കുന്നത് കേരളത്തിലായിട്ടും ഏകദേശം 2 കോടിയുടെ തൊഴില്‍ ദിനങ്ങളാണ് രണ്ട് വര്‍ഷം കൊണ്ട് നമുക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്.
ജി എസ് ടിയുടെ കാര്യം സൂചിപ്പിക്കാം. ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്റെ നികുതി അവകാശങ്ങള്‍ മിക്കവാറും നഷ്ടപ്പെട്ടു. ന്യായമായ വിഹിതവും നഷ്ടപരിഹാരവും വേണം എന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നിലവിലുള്ള സ്ഥിതി അനുസരിച്ച് 2022 ജൂണ്‍ 30ന് അവസാനിച്ചു. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ അഞ്ചുവര്‍ഷം കൊണ്ട് പഴയ വാറ്റ് നികുതിക്കാലത്തെ വാര്‍ഷിക വളര്‍ച്ചയിലേക്ക് എത്തുമെന്ന ധാരണയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






