
കൊച്ചി: കണ്ണൂര്‍ വി.സി. കേസില്‍ െഹെക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് കുറ്റകരമായ വിധിയെന്ന സുപ്രീം കോടതി നിരീക്ഷണം മുന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനു തിരിച്ചടിയാകുമെന്നു വിലയിരുത്തല്‍. മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനായി നിയമിച്ചതില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. കണ്ണൂര്‍ വി.സി. കേസ് ഉള്‍പ്പെടെ വിവിധ കേസുകളില്‍ സര്‍ക്കാരിന് അനുകൂലമായ വിധി നല്കിയതിനുള്ള പ്രത്യുപകാരമാണു മണികുമാറിന്റെ നിയമനമെന്ന് സേവ് സര്‍വകലാശാല ഫോറം ആരോപിച്ചിരുന്നു.
നിയമനസമിതി അംഗമായ പ്രതിപക്ഷ നേതാവും മണികുമാറിന്റെ നിയമനത്തില്‍ വിയോജനക്കുറിപ്പ് നല്‍കിയിരുന്നു. പരാതി വ്യാപകമായതോടെ ഗവര്‍ണര്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചത്. കണ്ണൂര്‍ വി.സി. കേസില്‍ െഹെക്കോടതി വിധി കുറ്റകരമായ വിധിയെന്നാണു സുപ്രീംകോടതി വിശേഷിപ്പിച്ചത്. നിയമവിരുദ്ധമായ വിധിയാണു െഹെക്കോടതിയുടേതെന്നു സുപ്രീംകോടതി നിരീക്ഷിച്ചതു മണികുമാറിനെതിരേയുള്ള ആരോപണം ശരിവയ്ക്കുന്നതാണെന്നാണു പ്രതിപക്ഷനേതാക്കള്‍ പറയുന്നത്.
നിയമനം സ്വജനപക്ഷപാതമെന്ന ആരോപണം സിംഗിള്‍ ബെഞ്ച് പരിഗണിച്ചിരുന്നില്ല. ഈ ഉത്തരവാണു ഡിവിഷന് ബെഞ്ച് ശരിവച്ചത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളുകയായിരുന്നു െഹെക്കോടതി. പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്നു വാദിച്ചായിരുന്നു ഹര്‍ജിക്കാര്‍ െഹെക്കോടതിയെ സമീപിച്ചത്. കാലാവധി പൂര്‍ത്തിയായശേഷം നാലുവര്‍ഷം നീട്ടി നല്‍കിയിരുന്നു. പുനര്‍നിയമനത്തിനു സേര്‍ച്ച് കമ്മിറ്റി ശിപാര്‍ശ ആവശ്യമില്ലെന്നും പ്രായപരിധി ബാധകമില്ലെന്നും ഡിവിഷന് ബെഞ്ച് വിലയിരുത്തി.ഇതിനെതിരേയായിരുന്നു സുപ്രീം കോടതിയിലെ ഹര്‍ജിക്കാരുടെ നിയമ പോരാട്ടം. ഒടുവില്‍ െഹെക്കോടതിയുടെ തീരുമാനം തെറ്റായിരുന്നുവെന്നു സുപ്രീംകോടതിയും പറയുന്നു.
ഇതോടെയാണു പ്രതിപക്ഷം ഉയര്‍ത്തിയ ചില ആരോപണങ്ങളും വീണ്ടും പ്രസക്തമാകുന്നത്. സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്ന ഗവര്‍ണ്ണര്‍ക്ക് പിടിവള്ളിയാണു മണികുമാറിന്റെ നിയമനം. ഫയല്‍ ഇപ്പോഴും ഗവര്‍ണ്ണറുടെ പരിഗണനയിലാണ്. സുപ്രീംകോടതി വിധിയോടെ ഈ ഫയലില്‍ ഗവര്‍ണ്ണര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.ജസ്റ്റിസ് മണികുമാര്‍ സര്‍ക്കാരിന് അനുകൂലമായ നിലപാടെടുക്കുന്നെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. െഹെക്കോടതിയില്‍നിന്നു വിരമിച്ചപ്പോള്‍ കോവളത്തെ ഹോട്ടലില്‍ സര്‍ക്കാര്‍ യാത്രയയപ്പു നല്‍കിയതിനേയും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ആദ്യമായിട്ടാണു വിരമിക്കുന്ന ചീഫ് ജസ്റ്റിസിനു സര്‍ക്കാര്‍ യാത്രയയപ്പു നല്‍കിയത്. സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി നേതാവ് ആര്.എസ്. ശശികുമാര്‍ ഇതേക്കുറിച്ചു ഗവര്‍ണര്‍ക്കു പരാതിയും നല്കി.
ജസ്റ്റിസ് മണികുമാറിന്റെ നിയമന ശിപാര്‍ശ സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഭരണകൂടത്തെ സംരക്ഷിക്കുന്നതിനായി മനുഷ്യാവകാശ സങ്കല്പങ്ങള്ക്ക് വിപരീതമായ തരത്തിലുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ള ന്യായാധിപനാണ് ജസ്റ്റിസ് മണികുമാറെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
2018 ലെ മഹാപ്രളയം ഭരണകൂടത്തിന്റെ വീഴ്ചകൊണ്ടു സംഭവിച്ചതും മനുഷ്യനിര്മ്മിതവുമാണെന്നു ആരോപിച്ചുള്ള ആരോപണത്തെത്തുടര്ന്നു ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരും സ്വമേധയാ നടപടി സ്വീകരിക്കുകയുണ്ടായി. എന്നാല്‍, തുടര്‍ന്നുവന്ന മണികുമാര്‍ ഇതുസംബന്ധിച്ച റിപ്പോര്ട്ടിന്മേല് ഒരു നടപടിയും സ്വീകരിച്ചില്ലെന്നു ചെന്നിത്തല ആരോപിച്ചു. കോവിഡ് കാലത്ത് പൗരന്മാരുടെ ഡേറ്റ സ്പ്രിങ്ളര്‍ കമ്പനിക്കു മറിച്ചുകൊടുത്ത സംഭവത്തിലും ജസ്റ്റിസ് മണികുമാര്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.






