
യുവനടന്മാരില് ശ്രദ്ധേയനാണ് ഹരിശ്രീ അശോകന്റെ മകനും അഭിനേതാവുമായ അര്ജുന് അശോകന്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല സിനിമകളിലൂടെയും പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും അര്ജുന് പ്രേക്ഷകമനസ്സില്‍ തന്റേതായ ഒരിടം നേടി. ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛൻ ഹരിശ്രീ അശോകനില്‍ നിന്നും വ്യത്യസ്തമായി, സ്വഭാവനടൻ പരിവേഷമാണ് അര്ജുന് മലയാളസിനിമയില്‍ ഉള്ളത്. നായകനായും വില്ലനായും സ്വഭാവനടനായുമൊക്കെ പുതിയ കാല മലയാളസിനിമയില്‍ അര്ജുൻ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അര്ജുന് സിനിമയില്‍ വലിയൊരു സൗഹൃദവലയം തന്നെയുണ്ട്. ഇപ്പോഴിതാ സുഹൃത്തും സഹതാരവുമൊക്കെയായ ബാലു വര്‍ഗീസിനൊപ്പമുള്ള ചിത്രമാണ് അര്ജുന് പങ്കിട്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവര്‍ക്കൊപ്പം ഫ്രെയിമില്‍ ഇവരുടെ മക്കളുമുണ്ട് എന്നതാണ്. അര്‍ജുന്റെ മകളായ അന്‍വിയും ബാലുവിന്റെ മകനായ എസക്കിയേലും ഇവര്‍ക്കൊപ്പമുണ്ട്. യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളാണിതെന്ന് കണ്ടാലറിയാം. ‘‘അച്ഛന്- മകന്റെ ആദ്യ നായകൻ, മകളുടെ ആദ്യ പ്രണയം...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ബാലു ഈ ചിത്രം പങ്കിട്ടിരിക്കുന്നത്. ബാലു വര്‍ഗീസ് അര്ജുന് അശോകനും അടുത്തിടെ റിലീസ് ചെയ്ത ‘പല്ലോട്ടി 90'സ് കിഡ്സ്’ എന്നിവയിലടക്കം നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.






