
കൊച്ചി: കിഫ്ബി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രീം കോടതിയെ സമീപിക്കുന്നതു നവകേരള സദസ് സമാപിച്ച ശേഷം. ഹര്‍ജിക്കൊപ്പം ചില രേഖകള്‍ കൂടി കൊടുക്കേണ്ടി വരുമെന്നതിനാലാണിത്. സര്‍ക്കാരിന്റെ വാദങ്ങളെ ന്യായീകരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാത്തതിന്റെ പേരില്‍ കോടതി വിമര്‍ശിച്ചാല്‍ നവകേരള യാത്രയ്ക്കിടെ കല്ലുകടിയാകുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.
കിഫ്ബി, പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരുകളില്‍ അധികമായി കടമെടുത്തുവെന്ന കാരണം പറഞ്ഞു സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ചതിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനാണു തീരുമാനിച്ചത്. വായ്പാപരിധി വെട്ടിക്കുറച്ചതടക്കം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നെന്നു കാട്ടി കേന്ദ്രത്തിനെതിരേ നിയമപോരാട്ടമാകാമെന്ന് എഫ്.എസ്. നരിമാന് സംസ്ഥാനത്തിനു നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ജൂെലെയില്‍ തീരുമാനമെടുത്തെങ്കിലും നാലുമാസം പിന്നിട്ടിട്ടും ഫയല്‍ ചെയ്തിട്ടില്ല.
സംസ്ഥാന ബജറ്റിനുപുറത്ത് അടിസ്ഥാനസൗകര്യ വികസനത്തിനാവശ്യമായ ധനസമാഹരണം ലക്ഷ്യമിട്ടു രൂപവത്കരിച്ച കിഫ്ബിയുടെ ബാധ്യതകൂടി സംസ്ഥാനത്തിന്റേതായി കണക്കാക്കിയാണു കേന്ദ്രം നിലവില്‍ വായ്പ പരിധി നിശ്ചയിച്ചിരിക്കുന്നതെന്നാണു കേരളത്തിന്റെ ആരോപണം. ഭരണഘടന അനുച്ഛേദം 12 പ്രകാരം സംസ്ഥാനം എന്നതിന്റെ നിര്‍വചനത്തില്‍ കിഫ്ബിപോലുള്ള സമാന്തരസ്ഥാപനങ്ങള്‍ പെടില്ലെന്നാണു നരിമാന്റെ വാദം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 23,000 കോടി രൂപയായിരുന്നു വായ്പാ പരിധി. ഇത് 15,390 കോടി രൂപയായി ചുരുക്കി. പരിധി വിട്ടുള്ള കടമെടുപ്പു നടത്തിയെന്നു ആരോപിച്ചാണു സംസ്ഥാനത്തിനു വായ്പാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, കിഫ്ബി എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ധനവിനിയോഗത്തില്‍ വരുന്നില്ലെന്നാണു സംസ്ഥാനത്തിന്റെവാദം. കിഫ്ബി വായ്പകള്‍ പൊതു കടത്തില്‍ ഉള്‍പ്പെടുത്തുന്നതു ശരിയല്ല.
കേന്ദ്ര സര്‍ക്കാരിനു കീഴില്‍ കിഫ്ബി പോലെയുള്ള വിവിധ ബോര്‍ഡുകളുണ്ട്. എന്നാല്‍, അവയിലൂടെ ചെലവഴിക്കുന്ന പണം കേന്ദ്രബജറ്റില്‍ ഉള്‍പ്പെടുത്തുന്നില്ല. അതിനാല്‍, കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നതു വിവേചനമാണെന്നും സംസ്ഥാനം വാദിക്കുന്നു. ഈ വാദങ്ങള്‍ സാധൂകരിക്കുന്ന രേഖകളും കോടതിക്കു െകെമാറണമെന്നതിനാല് കൂടുതല്‍ ഗൃഹപാഠം നടത്തിയശേഷം ഹര്‍ജി നല്കിയാല് മതിയെന്നാണു തീരുമാനം.
സംസ്ഥാനം ഓഡിറ്റഡ് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണു കേന്ദ്രത്തിന്റെ ആരോപണങ്ങളിലൊന്ന്. ഇക്കാര്യം കോടതിയില്‍ വന്നാല്‍ രേഖകളുടെ പിന്‍ബലത്തോടെ മറുപടി നല്‍കേണ്ടിവരും. ഇല്ലെങ്കില്‍ കോടതിയില്‍ തിരിച്ചടിയാകും.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരില്‍ കിഫ്ബി അധികമായി കടമെടുക്കുന്നതിനെതിരേ കേരളത്തിനു താക്കീത് നല്‍കിയിരുന്നെന്നും ഇതു മറികടന്നാണു കോടിക്കണക്കിനു രൂപ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ വായ്പ എടുത്തതെന്നുമാണു കേന്ദ്രസര്‍ക്കാരിന്റെ വാദം.
2022- 23 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തില് 37 ശതമാനത്തോളം കടം വാങ്ങിയെന്നാണു കേന്ദ്രം പറയുന്നത്. കിഫ്ബി കൂടാതെ ഹഡ്കോ പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു സംസ്ഥാനം വായ്പയെടുക്കുന്നതും പൊതുകടത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.






