
ചോദ്യം: പ്രിയപ്പെട്ട ചേച്ചി, കോതമംഗലത്താണ് ഞാനും മകനും താമസിക്കുന്നത്. എന്റെ പേര് മിനി. ഒരു ഫാക്ടറിയില്‍ ദിവസക്കൂലിക്ക് പണിക്കുപോയാണ് ഞാനും മോനും ഇപ്പോള്‍ കഴിയുന്നത്. മകനിപ്പോള്‍ പതിനൊന്നില്‍ പഠിക്കുന്നു.
എന്റെ ഭര്‍ത്താവ് എനിക്ക് 22 വയസ്സുള്ളപ്പോള്‍ മരിച്ചു പോയി. അന്ന് മകന് ഒരു വയസ്സ് തികഞ്ഞിട്ടില്ലായിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരങ്ങളുമാണ് ഞങ്ങളുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്.
എന്റെ വീട്ടില്‍, ആകെയുള്ള സഹോദരന് സുഖമില്ലാത്തതു കൊണ്ടും, ചെറുപ്പത്തില്‍ തന്നെ എനിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടതുകൊണ്ടും, ഭര്‍ത്താവില്ലാത്ത എനിക്ക് എല്ലാം എന്റെ ഭര്‍ത്താവിന്റെ വീട്ടുകാരും ബന്ധുക്കളുമാണ്.
ഭര്‍ത്താവിന്റെ കുടുംബവീടിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് ഞങ്ങള്‍ക്ക് അവര്‍ ഒരു വീട് വച്ചു തന്നു. ഞാനും ഭര്‍ത്താവും ഒന്നിച്ചു ജീവിച്ചത് ആകെ രണ്ടു വര്‍ഷമാണ്. എന്റെ ഭര്‍ത്താവിന്റെ മരണശേഷം എന്റെ അമ്മായിയമ്മ എനിക്ക് വേറെ വിവാഹലോചനകള്‍ നടത്തിയിരുന്നു, ഞാന്‍ സമ്മതിക്കാതിരുന്നത് കൊണ്ടു മാത്രം അങ്ങനെ ഒന്നുണ്ടായില്ല.
ഭര്‍ത്താവിന്റെ അച്ഛനുമമ്മയും ജീവിച്ചിരുന്ന കാലമത്രയും ഞങ്ങള്‍ക്ക് നാഥനുണ്ടായിരുന്നു, എനിക്ക് മകന്റെ ഭാവിയെക്കുറിച്ചോര്‍ത്തു പേടിയില്ലായിരുന്നു. അവര്‍ മരിച്ചതിന് ശേഷമാണ് ഞാന്‍ ഫാക്ടറിയില്‍ പണിക്കു പോയിത്തുടങ്ങിയത്. ഇപ്പോള്‍ സഹോദരങ്ങളും മറ്റു ബന്ധുക്കളുമൊക്കെ സ്നേഹത്തോടെ അന്വേഷിക്കാറുണ്ട്.
ഈയടുത്ത കാലത്താണ് എനിക്ക് സഹിക്കാന്‍ കഴിയാത്ത നടുവ് വേദന വന്നതും ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകേണ്ടിവന്നതും. അവിടെ വച്ച് എന്റെ നട്ടെല്ലിന് സാരമായ പ്രശ്നമുണ്ടെന്ന് കണ്ടുപിടിച്ചു. വിശ്രമവും, നല്ല ആഹാരവും മരുന്നിനോടൊപ്പം തന്നെ വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
ആറു മണിക്കൂര്‍ തുടര്‍ച്ചയായി നിന്നുകൊണ്ടുള്ള ജോലിയാണിപ്പോള്‍ എനിക്ക്. ബികോം പൂര്‍ത്തിയാക്കിയതാണെങ്കിലും മറ്റു ജോലിയൊന്നും എനിക്ക് കിട്ടിയിരുന്നില്ല.
ഭര്‍ത്താവിന്റെ സഹോദരങ്ങളും മറ്റു ബന്ധുക്കളുമൊക്കെ വിവരമറിഞ്ഞു, സാമ്പത്തികമായി സഹായിക്കാന്‍ തയ്യാറായി വന്നിട്ടുണ്ട്.
എന്റെ പ്രശ്നം എന്റെ മകനാണ്. നന്നായി പഠിച്ചുകൊണ്ടിരുന്ന അവന് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചില കൂട്ടുകെട്ടിലൊക്കെപ്പെട്ടു ഉഴപ്പി, മാര്‍ക്ക് കുറഞ്ഞുപോയി. അന്നു മുതല്‍ അവന് വല്ലാത്ത നിരാശാബോധമാണ്. ഇനി പഠിച്ചാലും ശരിയാകില്ലെന്നാണ് പറയുന്നത്. ഇനി ജീവിതത്തില്‍ എനിക്ക് സ്വന്തമായി മകന് മാത്രമേയുള്ളൂ. അവന്റെ ഈ പ്രായത്തില്‍, ഇപ്പോഴത്തെ അവസ്ഥയില്‍, ഞാനും കൂടി നോക്കിയില്ലെങ്കില്‍ എന്താകുമെന്ന് എനിക്കറിയില്ല. അവന് നല്ലൊരു നിലയിലെത്തണമെന്നാണ് എന്റെ ആഗ്രഹം, അതിനു വേണ്ടിയാണ് ഞാന്‍ വേറൊരു ജീവിതം പോലും വേണ്ടെന്നുവച്ചത്.
ഈ സമയത്തെ എന്റെ രോഗം അവന്റെ വളര്‍ച്ചയെ ബാധിക്കുമോ എന്നെനിക്കു നല്ല പേടിയുണ്ട്.
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അവന് പിന്നെ മറ്റുള്ളവരുടെ ആശ്രയത്തില്‍ ആയിപ്പോകില്ലേ!
ഒരു സമാധാനവുമില്ല. ഒരു മറുപടി തരൂ.
സ്നേഹത്തോടെ, മിനി
ഉത്തരം: പ്രിയ മിനി, നമ്മള് കൊടുക്കുന്ന വിലയാണ് നമ്മുടെ ബന്ധങ്ങള്ക്കുണ്ടാകുക. അന്‍പതും അറുപതും വര്‍ഷം കൂടെ ജീവിക്കണമെന്നില്ല ഒരു വ്യക്തിയെയും ആ വ്യക്തിയിലൂടെ ഉണ്ടായ ബന്ധങ്ങളെയും മാനിക്കാന്‍. സ്വന്തം ജീവിതം കൊണ്ടു മിനി അത് തെളിയിച്ചിരിക്കുന്നു.
രണ്ടു വര്‍ഷങ്ങള്‍ മാത്രം കൂടെ ജീവിച്ച ഭര്‍ത്താവിനോടുള്ള മിനിയുടെ സ്നേഹവും ആത്മാര്‍ത്ഥതയും തിരിച്ചറിയാന്‍ നിങ്ങളുടെ ഇതുവരെയുള്ള ജീവിതം മാത്രം മതി.
വിവാഹേതര ബന്ധങ്ങള്‍ നിറയെ ഉള്ള ഒരു കാലത്താണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. അതുകൊണ്ടു തന്നെ ഇക്കാലത്ത് കണ്ടുമുട്ടാന്‍ വളരെ ബുദ്ധിമുട്ടുള്ള വ്യക്തിത്വങ്ങളില്‍ ഒരാളാണ് നിങ്ങള്‍. മിനിയുടെ സ്നേഹസമര്‍പ്പണത്തിന് അഭിനന്ദനങ്ങള്‍.
അച്ഛനും, അമ്മയും, അപ്പൂപ്പനും അമ്മൂമ്മയും ഒക്കെയുള്ള കൂട്ടുകുടുംബത്തില്പ്പോലും കുട്ടികള്‍ക്ക് ഇടയ്ക്ക്, ചില പ്രായത്തില്‍, വഴി തെറ്റാറുണ്ട്. അതുകൊണ്ടു മിനിയുടെ മകന് പതിനഞ്ചു, പതിനാറു വയസ്സില്‍ സംഭവിച്ച ചെറിയ പിഴവ് ഒരു വലിയ കുഴപ്പമായി കാണേണ്ടതില്ല.
വിവാഹജീവിതം തുടങ്ങിയിടത്തു തന്നെ അവസാനിച്ചിട്ടും, ആ വിവാഹം സമ്മാനിച്ച മകനുമായി ധൈര്യപൂര്‍വം ഇത്രയും ദൂരം താണ്ടിയ മിനി തളരരുത്. ഈ കാലം അതിവേഗം കടന്നുപോകും.
* മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തുക: ഈ രോഗം മിനിക്ക് മുമ്പില്‍ തോല്‍ക്കുമെന്ന്, മകന്റെ കൂടെ സന്തോഷമായി ഇനിയും ഒരുപാടു കാലം ജീവിക്കാന്‍ ആകുമെന്ന്.
* ചികിത്സയും, വിശ്രമവും മുടക്കം വരുത്താതെ, യഥാവിധി ചെയ്യുക. ഒരു ഘട്ടത്തിലും മനസ്സ് തളരാന്‍ അനുവദിക്കാതിരിക്കുക. ബന്ധുക്കളുടെ സഹായം ആവശ്യം പോലെ സ്വീകരിക്കുക. ആകുന്ന സമയത്തു മടക്കി നല്കാമല്ലോ.
* ഭര്‍ത്താവും മാതാപിതാക്കളും കൂടെയില്ലെങ്കിലും സഹോദരങ്ങളും ബന്ധുക്കളുമൊക്കെ സഹായത്തിനുണ്ടല്ലോ, അതില്‍ സന്തോഷിക്കുക. മനസ്സില്‍ സന്തോഷം മാത്രം അനുവദിക്കുക.
* പഠനത്തില്‍ പിറകോട്ടായതില് നിരാശനായിരിക്കുന്ന മകനെ ആശ്വസിപ്പിക്കുക, ഇതൊക്കെ സ്വഭാവികമാണെന്നും, ഇനി മുന്നോട്ടു നന്നായി പഠിച്ചാല്‍ മതിയെന്നും പറഞ്ഞു മനസിലാക്കുക. മകനെ പ്രോത്സാഹിപ്പിക്കുക.
* മിനിയുടെ രോഗവിവരങ്ങള്‍ മകനെ അറിയിക്കുക. പേടിക്കേണ്ടതില്ലെന്നും, മകന് കൂടെയുണ്ടെങ്കില്‍, അമ്മ അതിജീവിക്കുമെന്നും അവനെ അറിയിക്കുക.






