
അധികാര, സാമ്പത്തിക, ആരാധനാ തര്‍ക്കങ്ങളുടെ നീണ്ട സംഭവപരമ്പരകള്ക്കൊടുവിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒരു പതിറ്റാണ്ട് കാലം വഹിച്ചിരുന്ന സിറോ മലബാര്‍ സഭാധ്യക്ഷ സ്ഥാനം ഒഴിയുന്നത്. എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാട്, വ്യാജരേഖാ വിവാദം, കുര്‍ബാന ഏകീകരണം എന്നിങ്ങനെ ക്രമസമാധാനത്തെയും സഭാവിശ്വാസികളുടെ മനഃസമാധാനത്തെയും തകര്‍ക്കുന്ന പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും നീണ്ടനാളുകള്ക്കൊടുവിലുള്ള പടിയിറക്കം. ഇതിലേക്ക് നയിച്ചതുതന്നെ മേല്പറഞ്ഞ ഏറ്റുമുട്ടലുകളാണ്.
അതിരൂപതാ ഭൂമി വില്‍പ്പന ക്രമക്കേടിന്റെ നാള്‍വഴികള്‍
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയുള്ള മെത്രാന് കൂടിയായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ അതിരൂപതയുടെ ഭൂമി വിറ്റതുമായി ബന്ധപ്പെട്ടാണ് പരസ്യമായ ഏറ്റുമുട്ടലുകള്‍ക്ക് തുടക്കമായത്. സാധാരണ ഗതിയില്‍ അതിരൂപതാ നേതൃത്വത്തിനിടയില്‍ മാത്രം ചര്ച്ചയാകുമായിരുന്ന വിഷയം, സഭാധ്യക്ഷന് കോടതിയില്‍ വിചാരണ നേരിടുന്ന സ്ഥിതിയിലേക്ക് വളര്‍ന്നു.
രൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ ഭൂമി തുച്ഛമായ വിലയ്ക്ക് വിറ്റതാണ് വിവാദത്തിനിടയാക്കിയത്. അഞ്ച് ഇടങ്ങളിലായുള്ള ഭൂമി 27 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് ആരോപണം. ആധാരത്തില്‍ കാണിച്ചിരിക്കുന്ന വില 13 കോടി രൂപയായിരുന്നു. സഭാ അധികൃതരുടെ െകെയില്‍ കിട്ടിയതാകട്ടെ ഒമ്പത് കോടി രൂപ മാത്രം. മുഴുവന്‍ പണം നല്‍കുന്നതുവരെ ഈടായി രണ്ട് സ്ഥലങ്ങള്‍ ഇടപാടുകാരന് അതിരൂപതയ്ക്ക് രജിസ്റ്റര്‍ ചെയ്തു നല്കി. രജിസ്ട്രേഷനായി 10 കോടി രൂപയോളം രൂപതയ്ക്ക് വീണ്ടും മുടക്കേണ്ടി വന്നു. ഇതിലെല്ലാം ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.
അതിരൂപതയുടെ സ്ഥലം ഉപയോഗിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റിയല്‍ എസ്േറ്ററ്റ് ഇടപാട് നടത്തിയെന്നും രൂപതയ്ക്ക് വന്‍ നഷ്ടം വരുത്തിയെന്നുമാണ് കര്‍ദിനാളിനെ എതിര്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ െവെദികര്‍ ആരോപണം ഉന്നയിച്ചത്. അതിരൂപതയെ നശിപ്പിക്കുകയാണ് കര്‍ദിനാള്‍ ചെയ്യുന്നതെന്നും രാജിവച്ച് നിയമ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പൊതുജനമധ്യത്തില്‍ പ്രതിഷേധമടക്കം സംഘടിപ്പിച്ചു. െവെദികരുടെ പിന്തുണയോടെ വിശ്വാസികളുടെ നേതൃത്വത്തില്‍ സംഘടനകള്‍ രൂപവത്കരിച്ചായിരുന്നു പ്രക്ഷോഭം. കര്ദിനാളിനാളിനെതിരേ നിരവധി ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. തുടര്‍ന്ന് ആലഞ്ചേരിക്കെതിരേ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ െഹെക്കോടതിയും ഉത്തരവിട്ടു.
അതേസമയം, സഭയുടെ പരമോന്നത സമിതിയായ മെത്രാന് സിനഡ് കര്‍ദിനാളിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഭൂമി ഇടപാടില്‍ ഉണ്ടായ വീഴ്ചയില്‍ കര്‍ദിനാളിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് സിനഡ് വിലയിരുത്തി. അതിരൂപതാ ആലോചനാ സമിതികളിലും സഹായ മെത്രാന്മാരോടും ഭൂമി വില്പന സംബന്ധിച്ച് കര്‍ദിനാള്‍ കൂടിയാലോചന നടത്തിയിരുന്നെന്നും ഇവരുടെ അനുമതിയോടെയാണ് ഇടപാട് നടന്നതെന്നുമാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ സിനഡ് വിലയിരുത്തിയത്. ഭൂമി ഇടപാടില്‍ വീഴ്ച പറ്റിയെങ്കിലും ആരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സിനഡ് കണ്ടെത്തി.
വിഭാഗീയത രൂക്ഷമായതോടെ രണ്ട് സഹായ മെത്രാന്മാരെ രൂപതാ ഭരണത്തില്‍ നിന്ന് വത്തിക്കാന്‍ സസ്പെന്‍ഡ് ചെയ്തു. അതിരൂപതയുടെ ഭരണം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ ഏല്‍പ്പിച്ചു. സിറോ മലബാര്‍ സഭയില്‍ ആദ്യമായാണ് രണ്ട് മെത്രാന്മാര് സസ്പെന്‍ഡ് ചെയ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. പാലക്കാട് രൂപതാ മെത്രാന് മാര്‍ ജേക്കബ് മനത്തോടത്തായിരുന്നു അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ ആര്‍ച്ച് ബിഷപ്പായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടര്‍ന്നെങ്കിലും ഭരണപരമായ അധികാരങ്ങള്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ക്കായി. സാമ്പത്തിക നഷ്ടം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അഡ്മിനിസ്ട്രേറ്ററെ വത്തിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു.
ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട് ആലഞ്ചേരി അനധികൃത ഇടപാടുകളും സാമ്പത്തികനേട്ടവും ഉണ്ടാക്കിയെന്ന് ആരോപിക്കുന്ന രേഖകള്‍ വ്യാജമായി ഉണ്ടാക്കിയതും സഭയെ പ്രതിസന്ധിയിലാക്കി. കര്‍ദിനാളിന്റെ മുന്‍ സെക്രട്ടറി ഫാ. ആന്റണി കല്ലൂക്കാരനാണ് ഈ കേസില്‍ ഒന്നാം പ്രതി. കര്‍ദിനാളിന്റെ പ്രധാന വിമര്‍ശകനായ ഫാ. പോള്‍ തേലക്കാട്ട് രണ്ടാം പ്രതിയും ഭൂമി ഇടപാട് സംഭവം ആദ്യം അന്വേഷിച്ച് കര്‍ദിനാള്‍ തെറ്റുകാരനാണെന്നു കണ്ടെത്തിയ ഫാ. ബെന്നി മാരാംപറമ്പില്‍ മൂന്നാം പ്രതിയുമാണ്.
കര്‍ദിനാള്‍ അനധികൃതമായി പണമിടപാടുകള്‍ നടത്തുന്നതായും വന്‍ സമ്പത്തിക നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അഴിമതിക്കാരനാണെന്നും ചിത്രീകരിക്കുന്ന വ്യാജരേഖകളായിരുന്നു ഇവര്‍ ചമച്ചത്. വിഷയത്തില്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന ബിഷപ് ജേക്കബ് മനത്തോടത്തും കുറ്റക്കാരനാണെന്ന നിലപാട് കര്‍ദിനാള്‍ സ്വീകരിച്ചതോടെ വീണ്ടും പ്രതിസന്ധിയായി. ഒടുവില്‍ അഡ്മിനിസ്ട്രറ്ററേയും രണ്ടുസഹായ മെത്രാന്മാരേയും മാറ്റാന്‍ സിനഡ് തീരുമാനിക്കുകയായിരുന്നു.
പ്രശ്നങ്ങള്‍ ഒതുങ്ങിയെന്ന് കരുതുമ്പോഴാണ് സിനഡ് കൊണ്ടുവന്ന കുര്‍ബാന ഏകീകരണത്തിന്റെ പേരില്‍ അടുത്ത പ്രതിഷേധമുയരുന്നത്. കുര്‍ബാന അര്‍പ്പണ രീതിയുടെ പേരില്‍ ഒരു ആര്‍ച്ച് ബിഷപ്പിനുതന്നെ രാജിവയ്ക്കേണ്ടിവന്നു. കേരള കത്തോലിക്കാ സഭയില്‍ ആദ്യമായാണ് ആരാധനാക്രമ പ്രശ്നത്തിന്റെ പേരില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും ആര്‍ച്ച് ബിഷപ്പിന്റെയും രാജി വത്തിക്കാന്‍ ചോദിച്ചുവാങ്ങുന്നത്.






