
കണ്ണൂരില്‍ നിന്നാണ് ഇപ്പോള്‍ ഒരു തട്ടിപ്പിന്റെ വാര്‍ത്ത പുറത്തുവരുന്നത്. എസ്ബിഐ യോനോ ആപ്പിന്റെ പേരില്‍ തലശ്ശേരി സ്വദേശിയായ 79കാരന് ഇരുപത്തിഅയ്യായിരം രൂപയാണ് നഷ്ടമായത്.
ഇയാളുടെ ഫോണിലേക്ക് യോനോ ആപ്പ് ബ്ലോക്ക് ആയതിനാല്‍ പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഒരു സന്ദേശമെത്തിയത്. തുടര്ന്ന്നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ എസ്ബിഐയുടേതെന്ന് തോന്നുന്ന ഒരു സൈറ്റാണ് ഒാപ്പണ്‍ ആയി വന്നത്. പിന്നീട് ലോഗിൻ ചെയ്യുമ്പോൾ വന്ന ഒടിപി നൽകിയതോടെയാണ് പണം നഷ്ടമായതെന്ന് 79കാരന് നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒടിപി ആവശ്യപ്പെട്ട് വിളിക്കുന്ന കോളുകള്‍ക്ക് മറുപടി നല്‍കരുതെന്ന് ബാങ്കുകള്‍ നിരന്തരം മുന്നറിയിപ്പ് നല്കുമ്പോഴും തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുകയാണ്.






