
പ്രിയപ്പെട്ട ചേച്ചി,
അമ്മയും, ചേച്ചിയും ഞാനും അടങ്ങുന്നതാണ് എന്റെ കുടുംബം. എന്റെ പേര് ആശ്രയ. അച്ഛന് ആറു മാസങ്ങള്‍ക്കു മുന്‍പ് മരിച്ചു. അച്ഛന് വിദേശത്ത് ബിസിനസ് ചെയ്യുകയായിരുന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍ മടങ്ങിയെത്തുന്നത് വരെ. ഞാനും ചേച്ചിയും പ്രൈവറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നു. അമ്മ ഗസറ്റഡ് റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്.
ഞാനും ചേച്ചിയും കുട്ടികളായിരിക്കുമ്പോള്‍ത്തന്നെ, അച്ഛന് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. അമ്മയുടെ കൂടെയാണ് ഞങ്ങള്‍ വളര്‍ന്നത്. കുടുംബപരമായി നല്ല സാമ്പത്തികസ്ഥിതി ഉള്ളവരായിരുന്നു അച്ഛനും അമ്മയും. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് അമ്മയ്ക്ക് കാന്‍സര്‍ ആണെന്ന് കണ്ടുപിടിച്ചിരുന്നു. അച്ഛന് ആ സമയത്ത് നാട്ടില്‍ വരാന്‍ കഴിയാതിരുന്നതുകൊണ്ട് അമ്മയുടെ വീട്ടുകാരും ഞങ്ങളുടെ കൂട്ടുകാരുടെ അമ്മമാരുമൊക്കെയാണ് ഞങ്ങളെ അക്കാലത്ത് നോക്കിയത്.
സര്‍ജറി കഴിഞ്ഞ് മരുന്ന് സ്ഥിരമായി കഴിച്ച് അമ്മ ആരോഗ്യം വീണ്ടെടുത്തു. ഈ സമയത്തൊന്നും അച്ഛന് അമ്മയുടെ കൂടെയുണ്ടാകാന്‍ സാധിച്ചില്ല. ഇടയ്ക്കെപ്പോഴോ ഒന്ന് വന്നു പോയതല്ലാതെ ആ കാലത്തൊന്നും അച്ഛന് ഇവിടെ ഉണ്ടായില്ല. അമ്മയുടെ ചികിത്സയ്ക്കുള്ള പണം ഉണ്ടാക്കുകയായിരുന്നു എന്നാണ് പിന്നീട് അച്ഛന് പറഞ്ഞത്. അമ്മയ്ക്കതൊരിക്കലും അംഗീകരിക്കാനാകുമാ യിരുന്നില്ല.
പിന്നീട് അച്ഛന് ഗള്‍ഫിലുള്ള ബിസിനസ്, കൈമാറ്റം ചെയ്തു മടങ്ങിയെത്തിയപ്പോള്‍ അമ്മയും ഞങ്ങളുമൊക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. പക്ഷേ, അമ്മയൊരിക്കലും അച്ഛനോട് ആ പഴയ സ്നേഹം കാണിച്ചു കണ്ടിട്ടില്ല. ഒരു വീട്ടില്‍ തന്നെ താമസിച്ചുകൊണ്ട് അമ്മയില്‍ നിന്നും അച്ഛനെ എന്നും അകറ്റി നിര്‍ത്തുന്നതാണ് ഞങ്ങള്‍ കണ്ടത്. ഇതില്‍ വിഷമിച്ച അച്ഛന് മദ്യപാനിയായി, കരള്‍ രോഗിയായി. അധികം വൈകാതെ മരിച്ചു.
അച്ഛന്റെ മരണശേഷം അമ്മ തീരെ നോര്‍മല്‍ അല്ല. ജോലി സ്ഥലത്തും ജോലിക്കാര്യങ്ങളുമെല്ലാം കൃത്യമായി ചെയ്യുമെങ്കിലും വേറെ എവിടെപ്പോയാലും അമിതവികാരപ്രകടനം നടത്തുക, അലറിക്കരയുക, അച്ഛന് മരിച്ചതില്‍ അമ്മ തെറ്റുകാരിയാണെന്ന് വിശ്വസിച്ച് വിഷമിക്കുക ഇതൊക്കെ പതിവായി. വീട്ടില്‍ സ്വസ്ഥതയില്ല. അമ്മ വീട്ടിലുള്ളപ്പോള്‍ ചേച്ചിയോ ഞാനോ എപ്പോഴും കൂടെയിരിക്കണം. ഇങ്ങനെ പോയാല്‍ ഇത് ഞങ്ങളുടെ ജോലിക്കും പ്രശ്നമാകും. കുറ്റപ്പെടുത്തുന്ന ചില ബന്ധുക്കള്‍ വരുന്ന ദിവസം അമ്മയുടെ അവസ്ഥ വളരെ മോശമാകും.
ഞങ്ങള്‍ കൊടുക്കാതെ ഭക്ഷണവും മരുന്നുമൊന്നും ശരിക്ക് കഴിക്കുന്നില്ല. അച്ഛന്റെ മരണവും അമ്മയുടെ ചികിത്സയും ഒക്കെയായി ഞങ്ങള്‍ക്കൊരുപാട് കടമുണ്ടിപ്പോള്‍.
അമ്മയുടെ ഒരു സുഹൃത്തായ കൗണ്‍സിലറുടെ അടുത്ത് കൗണ്‍സിലിംഗിന് കൊണ്ടുപോയിരുന്നു. പക്ഷേ, ഇപ്പോഴും മാറ്റമൊന്നുമില്ല.
എന്ത് ചെയ്യണമെന്ന് പറഞ്ഞുതരുമോ?
സസ്നേഹം
* ആശ്രയ
പ്രിയ ആശ്രയ,
കണ്ണുള്ളപ്പോള്‍ അറിയാതെ പോയ വെളിച്ചത്തിന്റെ മഹത്വം അതില്ലാതായപ്പോള്‍, മനസ്സിലാക്കിയതാകാം നിങ്ങളുടെ അമ്മയുടെ പ്രശ്നം.
അച്ഛനെ വേണ്ടതുപോലെ നോക്കിയില്ലെന്ന കുറ്റബോധവും അച്ഛന്റെ വേര്‍പാടുണ്ടാക്കിയ ശൂന്യതയും അമ്മയുടെ ദുഃഖം കൂട്ടിയിട്ടുണ്ടാകാം. നിങ്ങള്‍, രണ്ടു മക്കളുടെ ഭാവിയും ജീവിതത്തിലെ അനിശ്ചിതാവസ്ഥയും ഒക്കെക്കൂടി അവരുടെ സ്വസ്ഥത കെടുത്തിയിട്ടുണ്ടാകാം.
പങ്കാളിയോട് ചേര്‍ന്ന് ജീവിതം പങ്ക് വച്ചു ജീവിക്കാനാകാതെ, എന്നാല്‍ മറ്റു മാര്‍ഗമില്ലാതെ ഒന്നിച്ചു ജീവിക്കേണ്ടി വരുന്ന പലര്‍ക്കും ആ ബന്ധത്തോട് മനസ്സ് കൊണ്ട് നീതി പുലര്‍ത്താനാകില്ല.
രണ്ടു പേരും തുറന്നു സംസാരിച്ചു മനസ്സിലെ പരാതികളും പരിഭവങ്ങളും പങ്കുവച്ചാല്‍ തീരാവുന്ന പ്രശ്നങ്ങള്‍ മാത്രമേ ആശ്രയയുടെ മാതാപിതാക്കള്‍ തമ്മിലുണ്ടായിരുന്നുള്ളൂ.
അത് നടക്കാതെ പോകുകയും അച്ഛന് മരിച്ചുപോകുകയും ചെയ്തത് കൊണ്ടാണ് അമ്മയ്ക്കിപ്പോള്‍ അത് താങ്ങാനാകാതെ വന്നത്.
അമ്മ അനുഭവിച്ച അനാരോഗ്യ അവസ്ഥയും അതിലെ ബുദ്ധിമുട്ടുകളും ഒക്കെ അതിന് ആക്കം കൂട്ടിയിട്ടുണ്ടാകാം.
ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കണ്ടേ മതിയാകൂ.
* ആശ്രയയും സഹോദരിയും അമ്മയെ എത്രയും പെട്ടെന്ന് നല്ലൊരു സൈക്കോളജിസ്റ്റിനെ കാണിക്കണം. ആവശ്യമെങ്കില്‍, അവര്‍ സൈക്യാട്രിസ്റ്റിന് റഫര്‍ ചെയ്യും. ശരീരത്തിന് രോഗം വരുന്നത് പോലെ തന്നെയാണ് മനസ്സിന് വരുന്നതും. ചികിത്സ രണ്ടിനും ആവശ്യം. അതില്‍ നാണക്കേടോ, അപമാനമോ ഇല്ല.
* അമ്മയെ അനാവശ്യമായി വിഷമിപ്പിക്കുന്ന ബന്ധുക്കളില്‍ നിന്നകന്നു നില്ക്കുക. മക്കളായ നിങ്ങളോ അല്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന മാറ്റാരെങ്കിലുമോ അവരോട് സംസാരിച്ച് അമ്മയെ മാനസികമായി ഉപദ്രവിക്കുന്ന അവരുടെ പ്രവൃത്തി നിര്‍ത്തിക്കുക.
* ആശ്രയയും ചേച്ചിയും അമ്മയോട് എപ്പോഴും സ്നേഹമായി പെരുമാറുക. ഏറ്റവും നന്നായിത്തന്നെ അമ്മ, അച്ഛനെ ശുശ്രൂ ഷിച്ചിരുന്നു എന്നു നിങ്ങള്‍ ഉറപ്പിച്ചു പറയുക.
* നിങ്ങളുടെ ജീവിതത്തില്‍ അമ്മ വളരെ പ്രാധാന്യമുള്ള വ്യക്തിയാണെന്ന് ഇടയ്ക്കിടയ്ക്ക് അമ്മയെ ഓര്‍മ്മിപ്പിക്കുക. അമ്മ ചെയ്യേണ്ടുന്നതായ ഭാവിയിലെ നല്ല കടമകളെക്കുറിച്ചും നിങ്ങളൊന്നിച്ചു ജീവിക്കേണ്ടുന്ന സുന്ദര ജീവിതത്തേക്കുറിച്ചും പറയുക.
* അച്ഛന് കൂടെയില്ലാതെ രണ്ടു മക്കളെ കുട്ടിക്കാലം മുതല്‍ വളര്‍ത്തി, പഠിപ്പിച്ച് വലുതാക്കി, സ്വന്തം ശരീരത്തോട് മല്ലടിച്ചു ഒരു മഹാരോഗത്തെ കീഴ്പ്പെടുത്തിയ അമ്മയുടെ മനോധൈര്യത്തെ ആശ്രയയും, ചേച്ചിയും ഓര്‍മ്മിപ്പിക്കണം, പ്രശംസിക്കണം. നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം നേടിയെടുക്കാന്‍ ഇതവരെ സഹായിക്കും.
* പോസിറ്റീവായ ഒരന്തരീക്ഷം വീട്ടില്‍ ഉണ്ടാക്കിയെടുക്കുക. ആശങ്കയ്ക്കും ദുഃഖത്തിനും പകരം സന്തോഷം നിറയട്ടെ.
നിങ്ങളുടെ സ്നേഹപൂര്‍ണ്ണമായ പെരുമാറ്റവും, മെഡിക്കല്‍ സഹായവും തീര്‍ച്ചയായും ആശ്രയയുടെ അമ്മയെ പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരും.
ആശംസകളോടെ,
സ്നേഹപൂര്‍വം,
വല്യേച്ചി






