
ഛണ്ഡീഗഡ്: തൊഴിലില്ലായ്മയുടെ പേരില് ഹരിയാന സര്ക്കാര് രൂക്ഷ വിമര്ശനം നേരിടുമ്പോള് പണിയില്ലാത്തവര്ക്ക് ഇസ്രായേലില് പണി കൊടുക്കാന് സംസ്ഥാനത്തെ ഒരു പൊതുമേഖലാ കമ്പനി. യുദ്ധം മൂലം കെട്ടിട നിര്മ്മാണ മേഖലയില് വലിയ അളവില് മാനവവിഭവ ശേഷി വേണ്ടി വന്നിരിക്കുന്ന ഇസ്രായേലില് പണിക്ക് പോകാന് ആളെ ക്ഷണിച്ച് പരസ്യം ഇട്ടിരിക്കുകയാണ്. ഹരിയാനയിലെ കൗശല് റോജ്ഗര് നിഗം എന്ന കമ്പനിയാണ് രംഗത്ത് വന്നിരിക്കുന്നത്. 10,000 പരിചയസമ്പന്നരായ തൊഴിലാളികള്ക്ക് വേണ്ടിയുള്ള പരസ്യമാണ് നല്കിയിരിക്കുന്നത്.
ജോലിക്ക് വേണ്ടി അടിസ്ഥാന യോഗ്യതയായി പറഞ്ഞിരിക്കുന്നത് പത്താം ക്ലാസ്സ് പാസ്സായ 25 നും 54 നും ഇടയില് പ്രായക്കാരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാസം 6100 എന്ഐഎസ് ആണ് ശമ്പളം. ഇത് ഇന്ത്യന് രൂപയില് മാസം 1.34 ലക്ഷത്തോളം വരും. കെട്ടിട നിര്മ്മാണ മേഖലയില് വൈദഗ്ദ്ധ്യവും പ്രവര്ത്തി പരിചയവും ഉള്ളവരായിരിക്കണം തൊഴിലാളികളെന്ന് പ്രത്യേകം പറയുന്നു. സിമന്റ് പണിക്കൊപ്പം തടിപ്പണി ഇരുമ്പു പണി ഭിത്തികെട്ട്, തേപ്പ് ജോലി എന്നിവയെല്ലാം ഇതിലുണ്ട്. കണ്സ്ട്രക്ഷന് പ്ലാന് കൃത്യമായി വായിച്ചു മനസ്സിലാക്കാന് കഴിയുന്നവരും അറിവുള്ളവരും ആയിരിക്കണമെന്നും പറയുന്നു.
യുദ്ധത്തിന്റെ സാഹചര്യത്തില് 90,000 വരുന്ന പാലസ്തീനികളുടെ വര്ക്ക് പെര്മിറ്റ് ക്യാന്സല് ചെയ്തതാണ് തൊഴില് മേഖലയില് ഇതുപോലെ ആള്ദൗര്ലഭ്യം നേരിടാന് കാരണമായത്. നേരത്തേ ഇസ്രായേല് കെട്ടിട നിര്മ്മാതാക്കള് കെട്ടിട നിര്മ്മാണ മേഖലയിലെ തൊഴിലാളികളെ കിട്ടുന്നതിനായി ഇന്ത്യയുമായി ചര്ച്ച നടത്തുന്നതായി വാര്ത്തകള് പുറത്തു വന്നിരുന്നു.
ഇതിന് തൊട്ടു പിന്നാലെ ഹരിയാന സര്ക്കാര് ഇത്തരത്തിലൊരു നീക്കം നടത്തുകയായിരുന്നു. ഹരിയാന സര്ക്കാര് നിയമസഭയ്ക്ക് മുന്നില് വെച്ച ആഗസ്റ്റില് പുറത്തുവിട്ട കണക്കുകള് പ്രകാരം വിവിധ ജില്ലകളിലെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില് ജൂലൈ വരെ ജോലിക്കായി റജിസ്റ്റര് ചെയ്തിട്ടുള്ളത് 5,43,874 പേരാണ്. 2014 മുതല് ഹരിയാനയില് തൊഴിലില്ലായ്മ 315 ശതമാനമായിട്ടാണ് ഉയര്ന്നിരിക്കുന്നതെന്ന് കോണ്ഗ്രസ് എംപി ദീപേന്ദര് സിംഗ് ഹൂഡയുടെ ചോദ്യത്തിന് പാര്ലമെന്റില് ലേബര് ആന്റ് എംപ്ളോയ്മെന്റ് സഹമന്ത്രി രാമേശ്വര് ടെലി പറഞ്ഞത്.







Comments