
ഭോപ്പാല്‍: തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി അധികാരത്തില്‍ എത്തിയ മദ്ധ്യപ്രദേശില്‍ നിയമസഭയ്ക്കുള്ളില്‍ നിന്നും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഛായാചിത്രം എടുത്തുമാറ്റിയത് വിവാദമാകുന്നു. ഇക്കാരണത്താല്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍ എത്തിയ ശേഷം ആദ്യത്തെ നിയമസഭാ സ്മ്മേളനത്തില് തന്നെ ബഹളമായി.
സ്പീക്കറുടെ കസേരയ്ക്ക് പിന്നില്‍ നെഹ്രുവിന്റെ ഛായാചിത്രം എടുത്തുമാറ്റി ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്. അംബേദ്ക്കറുടെ ചിത്രം വെച്ചിരിക്കുന്നതാണ് വിവാദമായിരിക്കുന്നത്. രണ്ടു ഛായാചിത്രം വെച്ചിട്ടുള്ളതില്‍ ഒന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടേതും മറ്റേത് അംബേദ്ക്കറുടേതുമാണ്. നേരത്തേയുണ്ടായിരുന്ന നെഹ്രുവിന്റെ ചിത്രം നീക്കിയപ്പോള്‍ ഗാന്ധിയുടെ ചിത്രം നിലനിര്‍ത്തുകയും ചെയ്തു.
ഇതിനെതിരേ വന്‍ പ്രതികരണങ്ങള്‍ ഉണ്ടായിരിക്കുകയാണ്. നിയമസഭയില്‍ നിന്ന് നെഹ്റുജിയുടെ ഫോട്ടോ നീക്കം ചെയ്തതിനെ ഞങ്ങള്‍ അപലപിക്കുന്നതായി കോണ്ഗ്രസ്പാര്ട്ടി വക്താവ് അബ്ബാസ് ഹഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു.
'ഇന്ന് ബി.ജെ.പി അധികാരത്തിലിരിക്കുന്നത് രാജ്യത്തിന്റെ ദൗര്‍ഭാഗ്യകരമാണ്. ചരിത്രം മായ്ക്കാന്‍ ബി.ജെ.പി അഹോരാത്രം പ്രയത്നിക്കുന്നു. പതിറ്റാണ്ടുകളായി നിയമസഭയില്‍ തൂക്കിയിട്ടിരുന്ന രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തത് ഈ മാനസികാവസ്ഥയെയാണ് കാണിക്കുന്നത്. ഛായാചിത്രം ഉടനടി തിരികെ വയ്ക്കണം... അല്ലാത്തപക്ഷം തങ്ങള്‍ അതേ സ്ഥലത്ത് നെഹ്റുജിയുടെ ഫോട്ടോ സ്ഥാപിക്കും.'' അദ്ദേഹം പ്രഖ്യാപിച്ചു. നിയമസഭയുടെ ആദ്യ സമ്മേളനം നാല് ദിവസത്തെ ശീതകാല സമ്മേളനമായിരിക്കും.
പ്രോടേം സ്പീക്കര്‍ ഗോപാല്‍ ഭാര്‍ഗവ പുതിയ എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതോടെയാണ് ആരംഭിച്ചത്. ഗന്ധ്വാനി സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ ഉമംഗ് സിംഗ്ഹാറിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ 230-ല്‍ 163 സീറ്റുകളാണ് ബിജെപി സഖ്യം നേടിയത്. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തേക്കാള്‍ 48 സീറ്റുകള്‍ കുറഞ്ഞു.






