
തിരുവനന്തപുരം: കാട്ടാക്കടയിലും മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ, സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പോലീസ് നോക്കി നില്‍ക്കേയാണ് മര്‍ദ്ദനം. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെ സഞ്ചരിച്ചിരുന്ന മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച ഒരു കൂട്ടം ആളുകളാണ് പ്രതിഷേധക്കാരെ മര്‍ദ്ദിച്ചത്. 'നവകേരള സദസ്സ്' എന്നെഴുതിയ മഞ്ഞ ടീ ഷര്‍ട്ട് ധരിച്ചവര്‍ സംഘാടകരാണെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ അവര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണോയെന്ന് ചോദ്യത്തോട് അവര്‍ കൃത്യമായി മറുപടി പറയുന്നുമില്ല. കാലിനും തലയ്ക്കും പലര്‍ക്കും പരിക്കേറ്റു. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് ബൈക്ക് ഇടിച്ച് പരിക്കേറ്റുവെന്നാണ് സിപിഎമ്മിന്റെ വാദം. എന്നാല്‍ വീണു കിടന്നയാളെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതില്‍ സിപിഎം പ്രതിഷേധവുമുയര്‍ത്തി. റോടില്‍ വാഹനം നിര്‍ത്തി മുഖ്യമന്ത്രിയുടെ വാഹനം വരാന്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ വരെ മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച സംഘം ചോദ്യം ചെയ്തിരുന്നു.
അതിനിടെ, കാട്ടാക്കടയില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തിരുന്നു.






