
മനോഹരമായ ക്രിസ്മസ് ട്രീയുടെ ചിത്രം പങ്കുവെച്ച് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. ഭൂമിയില്‍ നിന്ന് ഏകദേശം 2500 പ്രകാശവര്‍ഷം അകലെയാണ് ഈ കോസ്മിക് ക്രിസ്മസ് ട്രീയുള്ളത്.
നാസ കാഴ്ചയില്‍ ക്രിസ്മസ് ട്രീ പോലെ തോന്നുന്ന എന്‍ജിസി 2264 എന്ന നക്ഷത്ര വ്യൂഹത്തിന്റെ ചിത്രമാണ് പങ്കുവെച്ചത്. ഒറ്റ നോട്ടത്തില്‍ പച്ച, നീല, വെള്ള എന്നിങ്ങനെ പല നിറങ്ങളിലായി ക്രിസ്മസ് ട്രീ പോലെ തന്നെയാണ് ഈ നക്ഷത്രവ്യൂഹം. ഇതിലെ ചില നക്ഷത്രങ്ങൾ താരതമ്യേന വലുതും ചിലത് ചെറുതുമാണ്. താരതമ്യേന യുവ നക്ഷത്രങ്ങളാണ് ഈ നക്ഷത്ര വ്യൂഹത്തിലുള്ളത്.
വിവിധ ദൂരദർശിനികളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിച്ചാണ് ഈ ചിത്രം സൃഷ്ടിച്ചത്. നീലയും വെള്ളയും നിറത്തിലുള്ള നക്ഷത്രങ്ങള്‍ നാസയുടെ ചന്ദ്ര എക്സ്റേ ഒബ്സർവേറ്ററിയിലാണ് പതിഞ്ഞത്. പശ്ചാത്തലത്തിലുള്ള പച്ച നിറം നെബുലയാണ്. ഇത് കിറ്റ് പീക്ക് ഒബ്സർവേറ്ററിയി ഡബ്ല്യുഐവൈഎന്‍ 0.9 മീറ്റർ ദൂരദർശിനിയിലാണ് പതിഞ്ഞത്. ടു മൈക്രോൺ ഓൾ സ്കൈ സർവേയിൽ നിന്നുള്ളതാണ് വെള്ള നക്ഷത്രങ്ങൾ. ചിത്രം ഏകദേശം 160 ഡിഗ്രി ഘടികാര ദിശയിൽ തിരിക്കുമ്പോഴാണ് ക്രിസ്മസ് ട്രീ പോലെ തോന്നുന്നത്.






