
കസ്റ്റംസ് നികുതിയില്‍ സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്നതും ഉപയോഗിച്ചതുമായ വസ്തുക്കൾക്ക് ഇളവ് ലഭിക്കുമെന്ന് സൗദി കസ്റ്റംസ് ആൻഡ് സകാത്ത് അതോറിറ്റി. പുതുതായി രാജ്യത്തേക്ക് എത്തുന്ന വിദേശികൾക്കും ആറ് മാസത്തില്‍ കൂടുതല്‍ കാലം വിദേശത്ത് തങ്ങിയ സ്വദേശികൾക്കുമാകും ഇളവ് ലഭിക്കുക.
ഇളവ് കൃത്യമായ ഡോക്യുമെൻറുകള്‍ സമർപ്പിക്കുന്നവർക്ക് മാത്രമാകും ലഭിക്കുക. ഇവിടേക്ക് വ്യക്തിഗത ആവശ്യത്തിനുള്ളതും ഉപയോഗിച്ചതുമായ വീട്ടുപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാണ് നികുതി ഇളവ്.
നികുതിയിളവിന് പുറമേ കസ്റ്റംസ് നടപടികളില്‍ നിന്നും ഒഴിവ് നൽകും. ആനുകൂല്യം വ്യോമ- കര- നാവിക അതിർത്തികള്‍ വഴിയെത്തുന്ന വസ്തുക്കൾക്കാണ് ലഭിക്കുക. ഇതിനായി വിദേശത്ത് കഴിഞ്ഞതിൻറെ രേഖകള്‍, സർക്കാര്‍ തലത്തിലെ വകുപ്പ് മേധാവികള്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ പുതതായി രാജ്യത്ത് താമസിക്കുന്നതിന് നേടിയ വിസാരേഖകള്‍ ഒപ്പം താമസ ഇടവുമായി ബന്ധപ്പെട്ട രേഖകള്‍, എന്നിവ ഹാജരാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.





