
കശുവണ്ടി വിപണനം പ്രീമിയം ബ്രാന്റില്‍ സാധ്യമാക്കണമെന്നതുള്പ്പെടെയുളള പ്രധാന നിര്‍ദ്ദേശങ്ങള്‍ കശുവണ്ടി വിദഗ്ധ സമിതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതായി മന്ത്രി പി രാജീവ്. സംസ്ഥാന സര്‍ക്കാര്‍ കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റി തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വിദഗ്ധ സമിതി കൊല്ലം കാഷ്യു, കേരള കാഷ്യൂ തുടങ്ങി ഭൗമ പ്രത്യേകതകള്‍ കൂടി ഉപയോഗപ്പെടുത്തി പ്രീമിയം ബ്രാന്റില്‍ കശുവണ്ടി ഉല്പന്നങ്ങള് പുറത്തിറക്കണമെന്നതാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിയറ്റ്നാം, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ വിപണിയിലെത്തുന്ന കശുവണ്ടി ഉല്പന്നങ്ങളോട് മത്സരിക്കാന്‍ ഇതാവശ്യമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും സമിതി നിര്‍ദ്ദേം നല്‍കിയിട്ടുണ്ട്.
റിപ്പോര്‍ട്ടില്‍ നിലവിലെ തൊഴിലാളികളെ സംരക്ഷിച്ചു കൊണ്ട് ഘട്ടം ഘട്ടമായുള്ള യന്ത്രവല്‍ക്കരണം ഏര്‍പ്പെടുത്തണമെന്നും പറയുന്നു. സംസ്കരണ പ്രക്രിയയിലെ നഷ്ടം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഉല്പാദന ക്ഷമത ഉറപ്പാക്കണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. ഐ.ഐ.ടി, എന്‍.ഐ.ടി. ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. സംഭരണ സംവിധാനം മെച്ചപ്പെടുത്തണം. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്കും കൃഷി വ്യാപിപ്പിക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. കശുമാവിനെ തോട്ടവിളയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. കാഷ്യൂ ഡവലപ്പ്മെന്റ് കോര്പ്പറേഷന്, കാപ്പെക്സ് എന്നിവയുടെ ഭരണപരമായ കാര്യക്ഷമത ഉയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളും സമിതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി രാജീവ് കൂട്ടിച്ചേര്‍ത്തു.






