
കൊച്ചി: വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘനത്തിന് അന്തരിച്ച സിപിഎം നേതാവിന്റെ മകന് ബിനീഷ് കോടിയേരിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തു. രാവിലെ 11 മണിയോടെ അഭിഭാഷകനൊപ്പമാണ് ബിനീഷ് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരായത്. ഇന്ന ഉച്ചയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി എട്ട് മണിയോടെയാണ് പൂർത്തിയായത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ബിനീഷ് കേസിനെ കുറിച്ച് എല്ലാം ഇ ഡി യോട് ചോദിക്കുവെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതെന്ന് ഇ.ഡി. അധികൃതര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, മയക്കുമരുന്നു കേസില്‍ ബംഗ്ളൂരുവില്‍ അറസ്റ്റിലായപ്പോള്‍ ബിനീഷ് കോടിയേരിയെ പ്രതിയാക്കി ഇ.ഡി. കേസെടുത്തിരുന്നു. ഈ കേസില്‍ ആദായനികുതിയിലടക്കം പൊരുത്തക്കേടുകള്‍ ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണു ചോദ്യം ചെയ്യല്‍. ലഹരി മരുന്നു കടത്തുകേസില്‍ നാലാം പ്രതിയാക്കിയാണു കേസെടുത്തത്.2020ല്‍ അറസ്റ്റിലായ ബിനീഷ് ഒരു വര്‍ഷത്തോളം ബംഗലൂരു ജയിലില്‍ വിചാരണ തടവുകാരനായി കിടന്നിരുന്നു. ലഹരിക്കേസില്‍ ബിനീഷ് പ്രതിയല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ കേസിന്റെ തുടര്‍നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന എന്‍ഫോഴ്സമെന്റ് കേസ് ബിനീഷിനെതിരെയുണ്ട്.
കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്, കന്നഡ സീരിയല്‍ നടി ഡി. അനിഖ എന്നിവരെയാണു 2020 ല്‍ ലഹരിക്കേസില്‍ എന്‍.സി.ബി. അറസ്റ്റു ചെയ്തത്. ഇവരുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. ബിനീഷിന്റെ ബെനാമിയാണ് അനൂപ് എന്നാണ് ഇ.ഡി. ആരോപണം. കള്ളപ്പണം വിനിയോഗിച്ചാണു ബിനീഷും സംഘവും മയക്കുമരുന്ന് ഇടപാട് നടത്തിയതെന്നാണു ഇ.ഡിയുടെ വാദം.






