
പതിനാറുകാരനായ മകനെയും കൂട്ടിയാണ് പരിഭ്രാന്തരായ ആ രക്ഷിതാക്കള്‍ എന്നെക്കാണാന്‍ വന്നത്. അടുത്തകാലത്തായി മകന്റെ പെരുമാറ്റത്തില്‍ കണ്ടുവരുന്ന ചില മാറ്റങ്ങളാണ് അവരെ ആശങ്കാകുലരാക്കിയത്. പത്താം ഗ്ലാസ് വരെ നന്നായി പഠിച്ചിരുന്ന മകന്, പത്താം ഗ്ലാസ് പരീക്ഷയ്ക്കു ശേഷം അവധിക്കാലത്താണ് പുതിയ ചില പെരുമാറ്റങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. വിദേശത്തായിരുന്ന അച്ഛന് വാങ്ങിക്കൊടുത്ത പുതിയ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ദീര്‍ഘനേരം ഗെയിം കളിക്കുന്ന ശീലമായിരുന്നു ആദ്യം. രാത്രി വളരെ വൈകിയൊക്കെ മകന് മൊബൈല്‍ ഉപയോഗിക്കുന്നതു കണ്ട അമ്മയ്ക്ക് ആദ്യം പലതരം സംശയങ്ങളുണ്ടായി. മകന് അശ്ലീലസൈറ്റുകള്‍ സന്ദര്ശിക്കുകയാണെന്നായിരുന്നു അമ്മയുടെ ഭയം. എന്നാല്‍, പരസ്യമായി, തീന്‍മുറിയിലും മറ്റുമിരുന്ന് മകന് മൊബൈല്‍ ഉപയോഗിക്കുമ്പോള്‍, അവന് എന്തോ പ്രത്യേകതരം ഗെയിം കളിക്കുകയാണെന്ന് അവര്‍ക്കു മനസിലായി.
പത്താം ഗ്ലാസില്‍ മകന് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയതോടെ ആ അമ്മ വളരെയധികം സന്തോഷിച്ചു. പ്ലസ് വണ്ണിന്റെ ഗ്ലാസ് തുടങ്ങുന്നതോടെ മകന്റെ ഗെയിം ഭ്രമം കുറയുമെന്ന് അവര്‍ കരുതി. എന്നാല്‍ ഗ്ലാസ് തുടങ്ങിയിട്ടും അതിന്റെ കാര്യത്തില്‍ യാതൊരു കുറവും കണ്ടില്ല. എന്നുമാത്രമല്ല, ദിവസം കഴിയുന്തോറും മൊബൈല്‍ ഉപയോഗത്തിന്റെ സമയം കൂടിവരികയും ചെയ്തു. നിരവധി തവണ അമ്മ പറഞ്ഞു നോക്കിയിട്ടും മൊബൈല്‍ ഉപയോഗം കുറഞ്ഞില്ലെന്നു മാത്രമല്ല, ഇക്കാര്യം സംസാരിക്കുന്ന അമ്മയോട് ക്ഷോഭിക്കാനും തുടങ്ങി മകന്.
എന്തെങ്കിലും കാരണവശാല്‍ ഇന്റര്‍നെറ്റ് കണക്ഷന് ലഭിക്കാതെ വന്നാല്‍, കഠിനമായ ദേഷ്യവും ഉറക്കക്കുറവും അസ്വസ്ഥതയുമൊക്കെ മകന് പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. നെറ്റ് ഉപയോഗം അവസാനിപ്പിച്ച് പഠിക്കാന്‍ അമ്മ ആവശ്യപ്പെട്ടാല്‍ അമ്മയോട് പൊട്ടിത്തെറിക്കും. ചിലപ്പോള്‍ കടുത്ത അസഭ്യപദങ്ങള് ഉപയോഗിച്ചായിരിക്കും അമ്മയെ അഭിസംബോധന ചെയ്യുന്നത്. പരീക്ഷയടുത്ത ദിവസങ്ങളിലും ഇതുതന്നെയാണ് പെരുമാറ്റം. ഒരിക്കല്‍ പഠിക്കാന്‍ പറഞ്ഞ അമ്മയോട് പൊട്ടിത്തെറിച്ചിട്ട് മുമ്പിലിരുന്ന കസേര അവന് അടിച്ചുപൊട്ടിച്ചു.
മാധ്യമങ്ങളില്‍ 'ബ്ലൂ വെയില് ചലഞ്ച്' എന്ന കളിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെ അമ്മയുടെ ആശങ്ക വര്‍ധിച്ചു. ഈ കളിയിലേര്‍പ്പെടുന്ന കുട്ടികള്‍ കളിയുടെ നിയന്ത്രകന് നല്കുന്ന പ്രവൃത്തികള്‍ ഓരോന്നായി ചെയ്ത് ഒടുവില്‍ ആത്മഹത്യയില്‍ എത്തിച്ചേരുന്നതായി വാര്‍ത്തകള്‍ വന്നതോടെ അമ്മ ഭയപ്പാടിലായി.
രാത്രി ഉറങ്ങാതെയിരുന്ന് മകന് ഗെയിം കളിക്കുന്നത് അമ്മയെ ഭയവിഹ്വലയാക്കി. മകന് 'ബ്ലൂ വെയില്' കളിച്ച് ആത്മഹത്യ ചെയ്യുമോ എന്നതായിരുന്നു അമ്മയുടെ ഭയം. അമ്മ ഇക്കാര്യം മകനോട് ചോദിച്ചു. ''നീ ബ്ലൂ വെയില് ചലഞ്ച് കളിക്കുന്നുണ്ടോ?'' ഉടന്‍ വന്ന അവന്റെ ഉത്തരം, ''ഇതുവരെ കളിച്ചിട്ടില്ല. പക്ഷേ, ഇനിയെന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ ബ്ലൂ വെയില് കളിക്കും. ആത്മഹത്യ ചെയ്യും.'' മകന്റെ മറുപടി അമ്മയെ ഞെട്ടിച്ചു.
പിറ്റേന്ന് മുതല്‍ എല്ലാ ദിവസവും മകന്റെ പ്രവൃത്തികളെ അമ്മ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങി. മകന് മുറിയടച്ചിരിക്കുമ്പോള്‍ താക്കോല്‍പ്പഴുതിലൂടെ നോക്കുക, മകന്റെ കൈകളില്‍ മുറിവുകളുണ്ടോ എന്ന് പരിശോധിക്കുക എന്നിവയൊക്കെ അമ്മ ചെയ്യാന്‍ തുടങ്ങി. ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ മകന്റെ കൈയില്‍ ചില വരകള്‍ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. കൈയ്യില്‍ എന്തുപറ്റിയതാണെന്ന് അമ്മ ചോദിച്ചപ്പോള്‍ താന്‍ ബ്ലൂ വെയില് ചലഞ്ച് കളിച്ചുതുടങ്ങിയെന്ന് മകന് മറുപടി നല്കി. അതില്‍ പറഞ്ഞിരിക്കുന്നതു പോലെ നീലത്തിമിംഗലത്തിന്റെ പടം കൈയില്‍ ബ്ലേഡ് കൊണ്ട് കോറിയിട്ടതാണെന്ന് അവന് പറഞ്ഞു. ഇതു കേട്ട് ഞെട്ടിപ്പോയ അമ്മയോട് മകന് തന്റെ ആവശ്യം ഉന്നയിച്ചു. ''എനിക്ക് പുതിയ മോഡല്‍ ഐപാഡ് വാങ്ങിത്തരണം. ഇല്ലെങ്കില്‍ ബ്ലൂവെയില്‍ കളിച്ച് ഞാന്‍ ആത്മഹത്യചെയ്യും.''

അമ്മയെ പറ്റിക്കാന്‍ ബ്ലൂ വെയില്
വിശദമായി സംസാരിച്ചപ്പോള്‍, ആ കുട്ടി ബ്ലൂ വെയില് ചലഞ്ച് കളിച്ചിട്ടില്ലെന്ന് വ്യക്തമായി. അമ്മയെ ഭീഷണിപ്പെടുത്തി പുതിയ ഐ പാഡ് സംഘടിപ്പിക്കാനായി അവന് പറഞ്ഞ കള്ളമായിരുന്നു ബ്ലൂ വെയില് കളിയെന്ന ഭീഷണി. മാധ്യമങ്ങളില്‍ കണ്ടതുപോലെ ചില ചിത്രങ്ങളും വരകളും സ്വന്തം ശരീരത്തില്‍ ബ്ലേഡ് കൊണ്ട് വരച്ചാണ് അവന് അമ്മയെ ഭയപ്പെടുത്തിയിരുന്നത്.
വിശദമായ പരിശോധനയില്‍ ആ കുട്ടി ഇന്റര്‍നെറ്റിന് അടിമപ്പെട്ടു കഴിഞ്ഞതായി വ്യക്തമായി. ദിവസേന ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാനായി അവന് ചെലവിടുമായിരുന്നു. രാത്രി ഉറക്കമിളച്ചിരുന്ന് ഗെയിം കളിക്കുന്നത് അവന്റെ സ്വഭാവമായിരുന്നു. അര മണിക്കൂര്‍ കളിച്ച് നിര്‍ത്താമെന്നു കരുതി തുടങ്ങുമെങ്കിലും ഒടുവില്‍ മണിക്കൂറുകള്‍ നീണ്ടുപോകുന്ന അവസ്ഥയാണ്.
ഇതിനിടയില്‍ ആരെങ്കിലും തടസപ്പെടുത്താന്‍ വന്നാല്‍ അവന് കഠിനമായ ദേഷ്യം വരും. എന്തെങ്കിലും കാരണവശാല്‍ ഒരു ദിവസം നെറ്റ് കണക്ഷന് ശരിയായില്ലെങ്കില്‍ തലവേദന, നെഞ്ചിടിപ്പ്, ഉറക്കക്കുറവ് തുടങ്ങിയ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ അവന് പ്രകടിപ്പിക്കും.
ഗെയിം നിര്‍ത്താന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്ന അമ്മയെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ മകന് കണ്ടെത്തിയ വിദ്യയായിരുന്നു 'ബ്ലൂ വെയില് ഭീഷണി'. സമൂഹ മാധ്യമങ്ങളിലൂടെ 'ബ്ലൂ വെയില് ചലഞ്ച്' എന്ന കളിയുടെ വിശദാംശങ്ങള്‍ കുട്ടി വായിച്ചറിഞ്ഞു. അതില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങും സ്വന്തം ശരീരത്തില്‍ വരച്ചുവച്ചു.
ബ്ലൂ വെയില് ചലഞ്ച് കളിച്ച് പല കുട്ടികളും ആത്മഹത്യ ചെയ്തതായി പത്രവാര്‍ത്തകളും കണ്ടതോടെ ഇത് സമര്‍ഥമായി ഉപയോഗിക്കാന്‍ അവന് തീരുമാനിച്ചു. സ്വന്തം ശരീരത്തില്‍ വരച്ചുവച്ച പാടുകള്‍ കാണിച്ച്, താന്‍ ബ്ലൂ വെയില് ചലഞ്ച് കളിക്കുകയാണെന്നു പറഞ്ഞ് അമ്മയെ ഭീഷണിപ്പെടുത്തിത്തുടങ്ങി. പറയുന്ന കാര്യങ്ങളെന്തെങ്കിലും അമ്മ എതിര്‍ത്താല്‍ ഉടന്‍ തന്നെ താന്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയും.
ഗെയിം അടിമത്തം ലഹരി അടിമത്തം പോലെ ഗൗരവമുള്ള മാനസികാരോഗ്യ പ്രശ്നമാണ്. കൃത്യമായ ചികിത്സയിലൂടെ ഇത്തരക്കാരെ മോചിക്കാനാകും. തലച്ചോറിലെ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവിലെ വ്യതിയാനങ്ങള്‍ ഗെയിം അടിമകളില്‍ കാണപ്പെടാറുണ്ട്.
മരുന്നുകളും മനശാസ്ത്ര ചികിത്സയും ജീവിത ശൈലി ക്രമീകരണങ്ങളും വഴി ഇവരെ ഇതില്‍ നിന്നും മോചിപ്പിക്കാനാകും. ചികിത്സയിലൂടെ ഗെയിം അടിമത്തത്തില്‍ നിന്നും രക്ഷപ്പെട്ട കുട്ടി ഇപ്പോള്‍ നന്നായി പഠിച്ചുവരുന്നു. മാതാപിതാക്കള്‍ക്കുള്ള പരിശീലനം വഴി അമ്മയും മകനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും കഴിയുന്നു.
ഡോ. അരുണ്‍ ബി. നായര്‍
അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി വിഭാഗം
മെഡിക്കല്‍ കോളജ്, തിരുവനന്തപുരം







Comments