
അടുത്തിടെ ഇറങ്ങിയ ബോളിവുഡ് സിനിമകളിൽ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ സിനിമയാണ് സന്ദീപ് റെഡ്ഡി വാങ്കെ സംവിധാനം ചെയ്ത് രൺബീർ കപൂർ നായകനായി എത്തിയ അനിമൽ. മികച്ചത് എന്ന് ഒരു കൂട്ടർ പറയുമ്പോഴും നിരവധി നെഗറ്റീവ് കമന്റുകളും പരാമർശങ്ങളും ഈ സിനിമയെക്കുറിച്ചു വന്നിരുന്നു. കഴിഞ്ഞ ദിവസം മലയാളത്തിലെ മുൻ നിര നായികയായ പാർവതി തിരുവോത്ത് തന്റെ സിനിമകളായ കബീര്‍ സിങ്, അര്ജുന് റെഡ്ഡി എന്നീ ചിത്രങ്ങൾക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് സംവിധായകന് സന്ദീപ് റെഡ്ഢി വാങ്ക രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതിന് പരോക്ഷമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി തിരുവോത്ത്. തന്നെക്കുറിച്ചുള്ള സന്ദീപിന്റെ അഭിപ്രായങ്ങളെക്കുറിച്ച് നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെങ്കിലും, രണ്ട് സംഭവങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സംശയം തോന്നും വിധമുള്ള പോസ്റ്റാണ് പാര്‍വതി പങ്കുവച്ചിരിക്കുന്നത്. ‘‘ഒരു അടിക്കുറിപ്പ് എഴുതുക, അല്ലെങ്കില്‍ വോട്ടെടുപ്പില്‍ പങ്കാളിയാകുക, സന്തോഷം...’’ എന്ന ക്യാപ്ഷൻ നൽകി ചില സെല്‍ഫികളാണ് പാര്‍വതി പങ്കുവച്ചത്. ഫോട്ടോകളിലൊന്നില്‍ ഞാന്‍ എന്ത് ചെയ്യണമെന്ന് എന്നോട് പറയരുത് എന്ന് ഒരു കുറിപ്പ് എഴുതിയ പുസ്തകത്തിന്റെ ചിത്രവും ഉൾപെടുത്തിയിട്ടുണ്ട്. പാര്‍വതിയുടെ ഈ പോസ്റ്റാണ് ചർച്ചയാകുകയാണ്. പറയാനുള്ളത് തുറന്ന് പറയാന്‍ പലപ്പോഴും ധൈര്യം കാണിക്കുന്ന താരത്തിന്റെ ഈ പോസ്റ്റ് സന്ദീപ് റെഡ്ഡിയെ ഉന്നം വച്ചാണെന്ന സംശയം പലരും പറയുന്നുണ്ട്.
2019ലാണ് പാര്‍വതി ഈ പരാമർശം നടത്തിയത്. "അര്ജുന് റെഡ്ഢിയും കബീര്‍ സിങ്ങും അക്രമങ്ങളുടെ മഹത്വവല്‍ക്കരണത്തിന്റെ ദൃശ്യവല്‍ക്കരണമാണ്, ജോക്കര്‍ അങ്ങനെയല്ല. എല്ലാവരെയും കൊല്ലണമെന്ന രീതിയില്‍ ജോക്കറിലെ ജ്വോകിന്‍ അഭിനയിച്ചിട്ടില്ല... " പാര്‍വതി പറഞ്ഞിരുന്നു. ഇതിനാണ് സന്ദീപ് റെഡ്ഢി വാങ്ക മറുപടി നല്‍കിയത്. പാർവതിയുടെ ഈ മറുപടി കേട്ട് താന്‍ ഞെട്ടിപ്പോയെന്നാണ് സന്ദീപ് റെഡ്ഡി പറഞ്ഞത്. സിദ്ധാര്‍ത്ഥ് കണ്ണന് നടത്തിയ അഭിമുഖത്തിലായിരുന്നു സന്ദീപ് റെഡ്ഡിയുടെ തുറന്നുപറച്ചിൽ. ‘‘മലയാളത്തില്‍ ഒരു നടിയുണ്ട്. അവരുടെ പേര് പാര്‍വതി തിരുവോത്ത് എന്നാണെന്ന് കരുതുന്നു. ജോക്കര്‍ കൊലപാതകത്തെ മഹത്വവല്‍ക്കരിക്കുന്നില്ലെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒരു ഗാനം കേട്ട് ജോക്കര്‍ ഏണിപ്പടിയില്‍ നിന്നും ഡാന്‍സ് കളിക്കുമ്പോൾ അത് മഹത്വവല്‍ക്കരണമായി അവര്‍ക്ക് തോന്നിയില്ല. എനിക്ക് അത് ഞെട്ടലുളവാക്കി. ഒരു നല്ല നടിയായ അവര്‍ക്ക് ജോക്കര്‍ ആക്രമണത്തെ മഹത്വവല്‍ക്കരിക്കാതെ തോന്നുകയും കബീര്‍ സിങ്ങ് മഹത്വവല്‍ക്കരിക്കുന്നതുമായി തോന്നിയാല്‍ പൊതു സമൂഹത്തില്‍ നിന്നും നാമെന്താണ് പ്രതീക്ഷിക്കേണ്ടത്...’’ സന്ദീപ് റെഡ്ഢി പറഞ്ഞു.






