
തൃപ്പൂണിത്തുറ: ആദ്യം ബോംബ് പൊട്ടുന്നതു പോലുള്ള ശബ്ദം, പിന്നീട് ചെറിയ സ്ഫോടനങ്ങളും ..വീടിന്റെ ജനല്‍ ചില്ലകളും തറയിലെ ടൈലും എല്ലാം തകര്‍ന്നു വീഴുന്നു .എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍...തൃപ്പൂണിത്തുറയില്‍ വെടിക്കെട്ടപകടം നടന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള സൗപര്‍ണ്ണികയില്‍ എന്‍.ആര് ദാസ് സംഭവം വിവരിക്കുമ്പോഴും മുഖത്തെ ഭീതിയൊഴിഞ്ഞിട്ടില്ല. ഭാര്യയും അദ്ദേഹവും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
വീടിന്റെ മുകള്‍ നിലയിലെ ഭിത്തികളെല്ലാം നിലം പൊത്താറായ നിലയിലാണ്. പോര്‍ച്ചില്‍ കിടന്നിരുന്ന കാറും തകര്‍ന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചു മനോഹരമായി നിര്‍മ്മിച്ച വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് മരവിച്ചു നില്‍ക്കുകയാണ് ദാസും ഭാര്യയും. വീട് വാസയോഗ്യമല്ലെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. ചുറ്റുപാടുമുള്ള മറ്റു വീടുകളുടെ സ്ഥിതിയും സമാനമാണ്.
അപകടം ആദ്യമല്ല
പുതിയകാവില്‍ വെടിക്കെട്ടപകടം പുതിയ സംഭവമല്ല. 1982 ല്‍ ഉണ്ടായ വന്‍ അപകടത്തില്‍ നാലുപേരാണ് മരിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് വെടിക്കെട്ടു നടക്കുന്നതിനിടെ ആളുകളുടെ ഇടയില്‍ വീണ് അമിട്ട് പൊട്ടിയതിനെത്തുടര്‍ന്ന് ഒരാള്‍ മരണപ്പെട്ടിരുന്നു.അതിനു ശേഷവും, പുറ്റിങ്ങല്‍ അപകടത്തിന് ശേഷവമായി വലിയ തോതിലുള്ള വെടിക്കെട്ടു നടത്തുവാന്‍ ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാറില്ല.
വളരെ പരിമിതമായ അളവില്‍ മാത്രം നടത്തുവാന്‍ നല്കുന്ന അനുമതിയുടെ മറവില്‍ വലിയ തോതിലുള്ള വെടിക്കെട്ടാണു പലപ്പോഴും നടത്തുന്നത്. ഇതിന് അധികൃതരുടെ മൗനാനുവാദവും ഉണ്ട്. പുതിയകാവ് ക്ഷേത്രത്തില്‍ വെടിക്കെട്ടു നടത്തുവാന്‍ അനുയോജ്യമായ വലിയ ഗ്രൗണ്ടാണ് . എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തിരക്കേറിയ സ്ഥലത്തെ ചെറിയ സ്ഥലത്ത് ഇത്രയും വലിയ തോതിലുള്ള വെടിക്കെട്ട് ശേഖരം സൂക്ഷിച്ചതാണ് അപകടത്തിനു കാരണമായത്. ഞായറാഴ്ച നടത്തിയ തെക്കുപുറത്തിനെതിരെ കൂടുതല്‍ അളവില്‍ വെടിമരുന്നു ഉപയോഗിച്ചതിന് പോലീസ് കേസ് എടുത്തിരുന്നു. അതിനു പിന്നാലെയാണ് വടക്കു പുറത്തുകാരുടെ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് സ്ഫോടനമുണ്ടായത്.
ഇന്ന് മെഡിക്കല്‍ പരിശോധന
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സമീപ വാസികളുടെ മാനസികാരോഗ്യം പരിശോധിക്കാന്‍ ചൂരക്കാട് ക്യാമ്പില്‍ സൈക്കോളജിസ്റ്റിന്റെയും സൈക്ക്യാട്രിസ്റ്റിന്റെയും ഉള്‍പ്പെടെ പരിശോധന പുഷ്പാഞ്ജലി ഓഡിറ്റോറിയത്തില്‍ തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തും. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെയും കേള്‍വിക്കു പ്രശ്നമുണ്ടായവരുടെയും പ്രത്യേക ശ്രവണ പരിശോധന തുടര്‍ച്ചയായി നടത്തും. 15 ടീമുകള്‍ ചൂരക്കാട് ഭാഗത്തെ 28, 29, 31 വാര്‍ഡുകളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ ഭവന സന്ദര്‍ശനം നടത്തും.
പലര്‍ക്കും കേള്‍വി തകരാര്‍
നൂറുകണക്കിന് ഡൈനകള്‍ ഒരുമിച്ചു പൊട്ടിയതിനെത്തുടര്‍ന്നുണ്ടായ ഉഗ്ര ശബ്ദത്തില്‍ പലരുടെയും കേള്‍വിക്കു തകരാര്‍ സംഭവിച്ചു. ചെവിയിലെ മൂളല്‍ ശബ്ദം മണിക്കൂറുകള്‍ക്കുശേഷവും തുടരുന്നതായി പ്രദേശ വാസികള്‍ പറയുന്നു. കുഞ്ഞുങ്ങള്‍ പേടിച്ചരണ്ട് നിലവിളിച്ചു.
വൈ.എം.എ റോഡിലൂടെ നടന്നുപോയ പലര്‍ക്കും ഗ്ളാസ് ചീളുകള്‍ തറച്ചുകൊണ്ടു പരുക്കുപറ്റി. പട്ടാപകല്‍ ആയിരുന്നിട്ടും സ്ഫോടന ശബ്ദം അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ കേട്ടു.സംഭവ സ്ഥലത്തിനു സമീപത്തെ വീടുകള്‍ക്കു മാത്രമല്ല കണ്ണന്കുളങ്ങരയിലുള്ള വീടുകളില്‍ വരെ ഭൂമി കുലുങ്ങുന്നപോലെ അനുഭവപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു.






