
ഇല്ലിനോയ്കസ്: അമേരിക്കയില്‍ ക്ലബ്ബില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഇന്ത്യാക്കാരന് പുറത്തെ അതിശൈത്യത്തില്‍ പെട്ട് മരണമടഞ്ഞ നിലയില്‍. ഉയര്‍ന്ന നിലയിലുള്ള മദ്യലഹരിയും താഴ്ന്ന താപനിലയില്‍ സമയം ചെലവഴിച്ചതുമാണ് മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇല്ലിനോയിസ് ഉര്‍ബാന-ചാമ്പെയ്ന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ 18 കാരന് അകുല്‍ ധവാനാണ് മരണമടഞ്ഞത്. കഴിഞ്ഞമാസം നടന്ന സംഭവത്തില്‍ മണിക്കൂറുകളോളം കാണാതായതിന് പിന്നാലെയാണ് അകുലിനെ മരിച്ച നിലയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ക്ലബ്ബും ഹോട്ടലുമായ കാനോപി ക്ലബ്ബിന് സമീപത്ത് നിന്നും കണ്ടെത്തിയത്.
തീവ്രമായ മദ്യ ലഹരിയും കുറഞ്ഞ താപനിലയില്‍ ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് ഹൈപ്പോഥെര്‍മിയ ബാധിച്ചായിരുന്നു മരണമെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ജനുവരി 20 നായിരുന്നു അകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറന്‍ ഉര്‍ബാനയിലെ യൂണിവേഴ്സിറ്റി കാമ്പസിനടുത്തുള്ള ഒരു കെട്ടിടത്തിന്റെ പിന്‍വശത്തെ പൂമുഖത്താണ് മൃതദേഹം കിടന്നിരുന്നത്. മരിച്ച ദിവസം രാത്രി ഡ്രിങ്ക്സ് കഴിക്കാന്‍ സുഹൃത്തുക്കളോടൊപ്പം അകുല്‍ പുറത്തു പോയിരുന്നു. 2024 ജനുവരി 20 ന് രാത്രി 11:30 ന് ക്യാമ്പസിനോട് ചേര്‍ന്നുള്ള കാനോപി ക്ലബ്ബ് സന്ദര്ശിച്ചിരുന്നെങ്കിലൂം അകത്ത് കടക്കാനായില്ല. ജീവനക്കാര്‍ അകുലിനും കൂട്ടുകാര്‍ക്കും ആവര്‍ത്തിച്ച് പ്രവേശനം നിഷേധിച്ചു.
തുടര്‍ന്ന് തനിക്കായി വിളിച്ച രണ്ട് റൈഡ് ഷെയര്‍ വാഹനങ്ങള്‍ അകുല്‍ നിരസിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ജനുവരി അവസാന പകുതിയില്‍ ഇല്ലിനോയിസിലും യുഎസ് മിഡ്വെസ്റ്റിലും കടും ക്രൂരമായ തണുപ്പും മരവിപ്പിക്കുന്ന താപനിലയും ആയിരുന്നു. താപനില മൈനസ് രണ്ടു വരെ എത്തിയിരുന്നു. പല തവണ വിളിച്ചിട്ടും അകുലില് നിന്നും പ്രതികരണം ലഭിക്കാതെ വന്നതോടെ ഒരു സുഹൃത്ത് കാമ്പസ് പോലീസുമായി ബന്ധപ്പെടുകയായിരുന്നു. ധവാന് പതിവായി നടക്കാറുള്ള സ്ഥലത്ത് ഉദ്യോഗസ്ഥന് അന്വേഷണം നടത്തി.
പിറ്റേന്ന് രാവിലെ കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ വരാന്തയില്‍ ഒരാളെ കണ്ടെത്തിയതായി യൂണിവേഴ്സിറ്റി ജീവനക്കാരന് പോലീസിനെ വിളിച്ചു അറിയിക്കുകയായിരുന്നു. കണ്ടെത്തുമ്പോള്‍ തന്നെ അകുല്‍ മരിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഗൂഗിള്‍ മാപ്സ് പ്രകാരം കനോപ്പി ക്ലബ്ബില്‍ നിന്ന് നാല് മിനിറ്റ് ദൂരത്തിലാണ് അകുലിനെ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 18 വയസ്സ് തികഞ്ഞ അകുല്‍ ധവാന് ഇല്ലിനോയിസ് സര്‍വകലാശാലയിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ റോബോട്ടിക്സ് പഠിക്കാന്‍ എത്തിയിരുന്നു.






