
മദ്ധ്യപ്രദേശിലെ റായ്ഗറിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനായ ഗോപാല്‍ ഭല്വാല വെറുമൊരു സാധാരണ സ്കൂള്‍ അദ്ധ്യാപകനല്ല. അദ്ദേഹത്തിന്റെ കഥ രാജ്യത്തുടനീളമുള്ള അദ്ധ്യാപകര്‍ക്ക് മുഴുവന്‍ പ്രചോദനമാണ്. പൃഥ്വിരാജ് നായകനായ 'മാണിക്യക്കല്ല്' എന്ന മലയാള സിനിമയെ അടയാളപ്പെടുത്തുന്ന രീതിയിലുള്ള ഒരു അദ്ധ്യാപകനാണ് ഗോപാല്‍. താന്‍ പഠിപ്പിക്കുന്ന സ്കൂളിനെ സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി മികച്ച ഭൗതീകസാഹചര്യമുള്ള സ്കൂളാക്കി ഉയര്‍ത്താന്‍ 2018 ല്‍ അദ്ദേഹം എടുത്തത് അസാധാരണമായ ഒരു നിശ്ചയദാര്‍ഡ്യമായിരുന്നു. 23 കുട്ടികള്‍ മാത്രമുള്ള ഈ സ്കൂളില്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 100 ആണ്.
ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കാതെ സര്‍ക്കാരിന്റെ സഹായത്തിനായി നോക്കി നില്‍ക്കാതെ അദ്ദേഹം സ്കൂളില്‍ ചെയ്ത നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരേയും അമ്പരപ്പിക്കും. മോഹന്‍പുര കോളനിയിലെ സര്‍ക്കാര്‍ സ്കൂളിനെയാണ് മികച്ച വിദ്യാലയമാക്കി ഗോപാല്‍ മാറ്റിയത്. ഇവിടേയ്ക്ക് ആദ്യമായി താന്‍ എത്തുമ്പോള്‍ മതിയായ ഭൗതീക സാഹചര്യമോ വൃത്തിയോ ഇല്ലാത്ത ഒരു പ്രേതാലയമായിരുന്ന സ്കൂളിനെ ഗോപാല്‍ മാറ്റി മറിച്ചു. ഈ സ്കൂള്‍ അന്ന് തകര്‍ന്ന വെറും 23 കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളായിരുന്നു. വെള്ളപൂശാതെ കറപറ്റി നിറംകെട്ട ഓട്ടയുമുള്ള ഭിത്തികളോട് കൂടിയ സ്കൂളിലെ കുട്ടികളുടെ കണ്ണുകളില്‍ പോലും പഠിക്കണമെന്ന് ഒരു ജിജ്ഞാസയുടെ തിളക്കം ഇല്ലായിരുന്നെന്ന് ഗോപാല്‍ പറയുന്നു.
''അത് എന്നെ ഏറെ അലട്ടി. ഇത്തരം ഒരു സാഹചര്യത്തില്‍ എന്നെക്കൊണ്ടു പോലും പഠിക്കാന്‍ കഴിയുമായിരുന്നില്ല.'' മാറ്റത്തിന് വേണ്ടിയുള്ള തന്റെ യാത്രയെക്കുറിച്ച് അദ്ദേഹം ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു. സ്കൂള്‍ നവീകരിക്കാനുള്ള തീരുമാനംതാന് ഏറ്റെടുക്കുമ്പോള്‍ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഒരു അമിതമായ താല്‍പ്പര്യമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അന്ന് സ്കൂളില്‍ 23 കുട്ടികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് 100 ലധികം കുട്ടികളുണ്ടെന്നും ഇദ്ദേഹം പറയുന്നു.
മോഹന്‍പുര ഡാമിന് സമീപത്തെ ഗ്രാമത്തില്‍ താമസിക്കുന്ന കുട്ടികളായിരുന്നു ഇവിടെ ഭൂരിഭാഗവും പഠിച്ചിരുന്നത്. ഡാം നിര്‍മ്മിച്ച സമയത്ത് ഗ്രാമത്തിലുള്ളവര്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ബ്ബന്ധിതരായി. വീടുകളും റോഡുകളും നിര്‍മ്മിച്ച് കൊടുത്ത സര്‍ക്കാര്‍ മോഹന്‍പുര കോളനി ഉണ്ടാക്കി അവിടെ ഇവരെ പാര്‍പ്പിച്ചു. എന്നിരുന്നാലും ഗ്രാമീണര്‍ക്ക് തൊഴിലവസരങ്ങളൊന്നും ഉണ്ടാക്കിക്കൊടുത്തില്ല. അതുകൊണ്ടു തന്നെ കൃഷി ചെയ്തിരുന്ന ഭൂമിയും തൊഴിലും നഷ്ടമായ അവര്‍ക്ക് വരുമാനം കണ്ടെത്താന്‍ കഷ്ടപ്പെടേണ്ടി വന്നു. മിക്കവരും വീട്ടുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ പോകുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നേരെചൊവ്വെ ശ്രദ്ധിക്കാന്‍ പോലും കഴിഞ്ഞില്ല.
വിദ്യാഭ്യാസത്തിന്റെ ആവശ്യം മാതാപിതാക്കളെ ശരിയായി ബോദ്ധ്യപ്പെടുത്താന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ കുട്ടികളെ ഈ സാഹചര്യത്തില്‍ എന്തു പഠിപ്പിച്ചാലും അവര്‍ അതിനെ ഗൗരവത്തില്‍ എടുക്കില്ലെന്നും ഗോപാല്‍ മനസ്സിലാക്കി. മതിയായ വെള്ളമോ വെളിച്ചമോ വൃത്തിയുള്ള ചുവരുകളോ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു കുട്ടികള്‍ പഠിച്ചതെന്നും ഗോപാല്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത സാഹചര്യം ഒരു കുട്ടികളെയും ആകര്ഷിക്കില്ലെന്ന്് ഗോപാല്‍ മനസ്സിലാക്കി. മെച്ചപ്പെട്ട സാഹചര്യം കൊണ്ടുവരാന്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അനുവദിക്കില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. സര്‍ക്കാര്‍ നടപടികള്‍ ഏറെ കാലതാമസം എടുക്കുമെന്ന് മനസ്സിലായതോടെ അദ്ധ്യാപകന് സ്വന്തം ശമ്പളം ഉപയോഗിച്ച് സ്കൂള്‍ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു.
സ്കൂളിന്റെ പരിസ്ഥിതി തന്നെ മെച്ചപ്പെടുത്താനാണ് അദ്ദേഹം ആദ്യം തീരുമാനിച്ചത്. ചുറ്റുപാടും തൂത്തുവാരി വൃത്തിയാക്കി. വീണ്ടുകീറിയതും ഓട്ടവീണതുമായ ഭിത്തി ചാന്തു തേച്ച് മിനുക്കി പല നിറങ്ങള്‍ തേച്ചു പിടിപ്പിച്ചു മനോഹരമാക്കി. പ്രചോദനപരമായ സന്ദേശങ്ങളും ചിത്രങ്ങളും സ്കൂളിന്റെ ഭിത്തിയില്‍ വരച്ചു. സ്കൂളിനെ സൗന്ദര്യവല്‍ക്കരിച്ചു കഴിഞ്ഞപ്പോള്‍ സ്കൂളില്‍ നല്ലൊരു ലൈബ്രറി ഉണ്ടാക്കാനായിരുന്നു അടുത്ത ശ്രമം. 2000 പുസ്തകങ്ങള്‍ ശേഖരിച്ചു കുട്ടികളുടെ പഠന പരിസ്ഥിതി മെച്ചപ്പെടുത്തി.
ഇതെല്ലാം വര്‍ദ്ധിച്ചതോടെ സ്കൂളിലേക്ക് കുട്ടികളുടെ ഒഴുക്കും തുടങ്ങി. ഇപ്പോള്‍ ഇവിടെ 100 ലധികം കുട്ടികളാണ് പഠിക്കുന്നത്. ഭാവിയില്‍ എന്താണ് പരിപാടിയെന്നും അദ്ദേഹം വിശദീകരിച്ചു. കുട്ടികള്‍ കൂടിയതോടെ കൂടുതല്‍ ക്ലാസ്സ് റൂമുകള്‍ ആവശ്യമായി വന്നിരിക്കുകയാണ്. ഇക്കാര്യം അധികൃതരെ അറിയിച്ചുകഴിഞ്ഞു. ഇപ്പോള്‍ സ്കൂളില്‍ ഒരു സ്മാര്‍ട്ട് ക്ലാസ്സ് കൊണ്ടുവരാനുള്ള പ്ലാനിംഗിലാണ് ഗോപാല്‍. ഇതിനായി ഒരു എല്‍ഇഡി ടെലിവിഷനും മറ്റ് സാധന സാമഗ്രികളും വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. മോഹന്‍പുര കോളനിയിലെ ഈ സ്കൂളിലേക്ക് കുട്ടികളുടെ എണ്ണം കൂടിയതിന് കാരണം ഗോപാലിന്റെ നവീകരണ പ്രവര്‍ത്തനങ്ങളാണ്. സ്കൂളിന് മികച്ച ബാത്ത്റൂമും പൂന്തോട്ടവും വൈദ്യൂതി ജല സൗകര്യങ്ങളും ലൈബ്രറിയുമൊക്കെയായി മൂന്ന് ലക്ഷം രൂപയാണ് കയ്യില്‍ നിന്നും ഗോപാല്‍ മുടക്കിയത്.






