
വയനാട്: പൂക്കോട് വെറ്റിനറി കോളേജില്‍ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ആറു പേര്‍ക്ക് സസ്പെന്ഷന്. പോലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്ത ആറു പേര്‍ക്കാണ് സസ്പെന്ഷന് വന്നിരിക്കുന്നത്. ഇന്നലെ കേസില്‍ മൂന്ന് പേര് കൂടി കീഴടങ്ങി. ഒരാള്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണും മറ്റേയാള്‍ ജോ.സെക്രട്ടറി അമന് ഇസ്ഹാനുമാണ്.
മറ്റൊരാള്‍ കൂടി കസ്റ്റഡിയിലുണ്ട്. ഇവരെ പോലീസ് ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കും. കേസില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ട 12 പേരില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍ മൂന്നു പേരും. ആദ്യം മുതലുള്ള എല്ലാ കാര്യങ്ങളിലും ഇവര്‍ക്കും പങ്കെുണ്ടെന്നാണ് നിഗമനം. ഇതോടെ കേസില്‍ പോലീസ് പിടിയിലായിരിക്കുന്നത് 10 പേരാണ്. ഇനി എട്ടു പേരെ കൂടി കിട്ടാനുണ്ട്. പ്രതിപ്പട്ടികയില്‍ പോലീസ് ഒന്നാമത് ചേര്‍ത്തിരിക്കുന്ന അഖില്‍ ഇന്നലെ കല്‍പ്പറ്റ സ്റ്റേഷനില്‍ എത്തി കീഴടങ്ങിയിരുന്നു. കൂടുതല്‍ പേര്‍ക്കെതിരേ കോളേജ് നടപടിയെടുത്തേക്കും.
സംഭവത്തില്‍ ആള്‍ക്കൂട്ട വിചാരണ മുതല്‍ ശിക്ഷ നടപ്പാക്കല്‍ വരെ ആദ്യം മുതലുള്ള എല്ലാ കാര്യങ്ങളിലും പങ്കാളികളായത് നാലു പേരായിരുന്നു. അവരില്‍ മൂന്ന് പേരും ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇനി കണ്ടെത്താനുള്ളത് എട്ടുപേരെയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരും. അതിനിടെ ഈ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപി, ഉത്തരമേഖലാ ഐജി എന്നിവരെയെല്ലാം ചേര്‍ത്ത് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുകയാണ്. സംഭവത്തില്‍ കോളേജ് അധികൃതര്‍ക്ക് പിഴവ് പറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കും.






