
കൊച്ചി: അഫ്ഗാനിസ്ഥാനില്‍ മലയാളി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി അറസ്റ്റില്‍. മലപ്പുറം ഉള്ളാട്ടുപ്പാറ സ്വദേശി സനവുള്‍ ഇസ്ലാമാണു പിടിയിലായത്. അഫ്ഗാനിസ്ഥാനിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. നിലവില്‍ കാണ്ഡഹാര്‍ ജയിലിലാണ്.
അറസ്റ്റുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ അഫ്ഗാന് ഏജന്‍സികളുമായി ചര്‍ച്ചയിലാണെന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ അറിയിച്ചു. ഇയാളുടെ ചിത്രങ്ങളുള്‍പ്പെടെ അഫ്ഗാന് ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. ഐ.എസില്‍ ചേരാന്‍ താജിക്കിസ്ഥാന്‍ വഴിയാണ് ഇയാള്‍ അഫ്ഗാനിസ്ഥാനിലേക്കെത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
കാസര്‍ഗോഡുനിന്നും 21 പേരുമായി അബ്ദുള്‍ റാഷിദ് അബ്ദുള്ള പോയതും ഇതേ സ്ഥലത്തേക്കാണ്. സാധാരണയായി ഭീകരര്‍ താജിക്കിസ്ഥാന്‍ വഴി അഫ്ഗാനിസ്ഥാനത്തിലേക്കു കടക്കാറുണ്ട്. അത്തരത്തില്‍ പോയതാണ് ഇയാളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.




