
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുടുംബം ഇന്ത്യയാണെന്നും അതില്‍ 140 കോടി പേരുണ്ടെന്നും പ്രധാനമന്ത്രിയുടെ രോമത്തില്‍ തൊടാന്‍ പോലും ആര്‍ക്കുമാകില്ലെന്നും പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യാ സഖ്യത്തിലെ ലാലുപ്രസാദ് യാദവ് മോഡിക്ക് കുടുംബമില്ലെന്ന് നടത്തിയ പ്രസ്താവന ബിജെപി ആയുധമാക്കി മാറ്റിയിരിക്കുകയാണ്. നാഗ്പൂരില്‍ നടന്ന ബിജെപിയുടെ 'നമോ യുവ മഹാ സമ്മേളനി' ല്‍ പങ്കെടുത്ത് സംസാരിക്കുന്ന വേളയിലായിരുന്നു സ്മൃതി ഇറാനി ഈ പ്രതികരണം നടത്തിയത്.
അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ പെടുന്ന 140 കോടി പേരുണ്ട്. അവരുടെ പ്രധാന സേവകന്റെ രോമത്തില്‍ പോലും തൊടാന്‍ കഴിയില്ല. യുവാക്കള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന 140 കോടി ജനങ്ങളുണ്ട്. പ്രധാന സേവകനായി അദ്ദേഹം കുടുംബത്തിന് വേണ്ടി ജോലി ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു. ''ഇന്ത്യാ സഖ്യത്തിലെ കാലിത്തീറ്റ കള്ളന്മാര് പറയുന്നത് അദ്ദേഹത്തിന് കുടുംബം ഇല്ലെന്നാണ്. എന്നാല്‍ ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ കുടുംബക്കാരാണ്. ഈ യുവാക്കള്‍ മോദിയുടെ കുടുംബാംഗങ്ങളാണ്. 140 കോടിയോളം വരുന്ന അദ്ദേഹത്തിന്റെ കുടുംബം ഇവിടെയുള്ളപ്പോള്‍ ഒരാള്‍ക്കും രോമത്തില്‍ പോലും തൊടാനാകില്ല.''
മണിപ്പൂരില്‍ നിന്നും ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുല്‍ഗാന്ധിയെ താന്‍ സംവാദത്തിന് വിളിക്കുകയാണെന്നും യുപിഎ സര്‍ക്കാരിന്റെ കാലത്തെ 10 വര്‍ഷവും ബിജെപി ഭരിച്ച 10 വര്‍ഷവും തമ്മില്‍ താരതമ്യപ്പെടുത്തിയുള്ള സംവാദത്തിന് താന്‍ രാഹുലിനെ വെല്ലുവിളിക്കുന്നതായും പറഞ്ഞു. എന്നാല്‍ അദ്ദേഹം സംവാദത്തിനോ തര്‍ക്കത്തിനോ മുതിരുന്നത് പോയിട്ട് ബിജെപിയുടെ ഒരു സാധാരണ പ്രവര്‍ത്തകന്റെ നേരെ പോലും രാഹുല്‍ നില്‍ക്കില്ലെന്നും പറഞ്ഞു. ഒരു കേവലം യുവമോര്‍ച്ചാ പ്രവര്ത്തകന് മുന്നില്‍ നിന്നാല്‍ പോലും രാഹുല്‍ഗാന്ധിയുടെ സംസാരിക്കാനുള്ള ശബ്ദം നഷ്ടമാകുമെന്നും പരിഹസിച്ചു. നേരത്തേ നരേന്ദ്രമോദിയുടെ ഹിന്ദു പാരമ്പര്യത്തെ ലാലുപ്രസാദ് യാദവ് നേരത്തേ പരിഹസിച്ചിരുന്നു. അദ്ദേഹത്തിന് ഹിന്ദു സ്വന്തമായി ഒരു കുടുംബം പോലുമില്ലെന്നും പറഞ്ഞിരുന്നു.






