കൊല്ശക്കാത്ത: സന്ദേശ്ഖലി വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി മമത ബാനര്‍ജിയേയും കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിച്ച് മറുപടിയുമായി മമതയുടെ കൂറ്റന്‍ റാലി. സന്ദേശ്ഖലില് നിന്നുള്ള സ്ത്രീകളുമായാണ് മമതയുടെ നേതൃത്വത്തില്‍ കൊല്‍ക്കൊത്തയില്‍ റാലി നടക്കുന്നത്. വനിതാ ദിനത്തിന് മുന്നോടിയായാണ് റാലിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നുണ്ടെങ്കിലും സന്ദേശ്ഖലി വിഷയത്തില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയവര്‍ക്കുള്ള മറുപടിയാണെന്നത് വ്യക്തമാണ്.
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖലി ദ്വീപില്‍ സ്ത്രീകള്‍ക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന് ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി നിലനില്‍ക്കേയാണ് ഈ റാലി. 'സ്ത്രീകളുടെ അവകാശം, ഞങ്ങളുടെ പ്രതിബദ്ധത' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് റാലി.
മമതയുടെ സ്ഥിരം ശൈലയില്‍ കാല്‍നടയായാണ് റാലി. പ്രകടനത്തിന്റെ മൂന്നിരയില് തന്നെ മമതയുണ്ട്. തൃണമൂല്‍ വനിതാ നേതാക്കളായ സുസ്മിത ദേവ്, ശശി പന്ജ, സഗാരിക ഘോഷും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
ബംഗാളിലെ വനിതകള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് ബിജെപി നേതാവ് ഇന്നലെ പ്രസംഗിക്കുന്നത് കേട്ടു. ബംഗാളിലെ സ്ത്രീകളാണ് ഏറ്റവും സുരക്ഷിതരെന്നും മോദിയുടെ പേര് പറയാതെ മമത പറഞ്ഞു. മണിപ്പൂരില്‍ സ്ത്രീകള്‍ നഗ്നരാക്കി നടത്തപ്പെട്ടപ്പോള്‍ അദ്ദേഹം എവിടെയായിരുന്നു. ഹത്രാസില്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ബലമായി സംസ്കരിച്ചപ്പോള്‍ അദ്ദേഹം എന്തു ചെയ്തു? നിങ്ങള്‍ ബില്‍ക്കിസ് ബാനുവിനെ മറന്നോ? എന്നും മമത ചോദിക്കുന്നു.
കല്‍ക്കട്ട ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ബിജെപിയില്‍ ചേര്‍ന്നതിനെയും മമത വിമര്‍ശിച്ചു. കോടതിയില്‍ ഇരുന്ന ഒരു ഉദ്യോഗസ്ഥന് ബിജെപി ചേര്‍ന്നു. അവരില്‍ നിന്ന് എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടത്.- മമത ചോദിക്കുന്നു.






