
പഴകും തോറും മാധുര്യമേറുന്ന വീഞ്ഞാണ് പഴയകാല ചിത്രങ്ങൾ. പൊയ്പ്പോയൊരു കാലത്തിന്റെ ഓർമ്മകളിലേക്കാണ് ഓരോ ത്രോബാക്ക് ചിത്രവും കാഴ്ചക്കാരെ കൂട്ടികൊണ്ടുപോവുന്നത്. തന്റെ അച്ഛനമ്മമാരുടെ വിവാഹവുമായി ബന്ധപ്പെട്ടൊരു ഓർമ പങ്കുവയ്ക്കുകയാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയും സംവിധായികയുമൊക്കെയായ രേവതി.
"59 വർഷം മുമ്പ് 1965 മാർച്ച് 10ന് എൻ്റെ മാതാപിതാക്കളായ കേളുണ്ണിയും ലളിതയും ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ക്ഷേത്രത്തിലെ മാലയ്ക്കും കല്യാണത്തിനുമായി 15 രൂപയാണ് ചെലവഴിച്ചതെന്ന് അവർ പറയുന്നു. അച്ഛൻ്റെ വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചതിനാൽ അന്ന് 15 പേർ മാത്രമാണ് സദ്യയ്ക്ക് ഉണ്ടായിരുന്നത്. എൻ്റെ അച്ഛൻ സൈന്യത്തിലെ സഹപ്രവർത്തകർക്കൊപ്പം ഡൽഹിയിൽ ഒരു വിരുന്നും ഒരുക്കി. അതായിരുന്നു അവരുടെ വിവാഹ ആഘോഷം," രേവതി കുറിച്ചു.
ആശാ കേളുണ്ണി എന്നാണ് രേവതിയുടെ യഥാർത്ഥ പേര്. അച്ഛൻ കേളുണ്ണി ഇന്ത്യൻ ആർമിയിൽ മേജറായിരുന്നു. മദ്രാസിൽ സ്ഥിരതാമസമാക്കിയ കുടുംബമായിരുന്നു രേവതിയുടേത്. ഭാരതിരാജയുടെ 'മൺവാസനൈ' (1983) ആയിരുന്നു രേവതിയുടെ ആദ്യചിത്രം. അതേവർഷം തന്നെ, ഭരതൻ സംവിധാനം ചെയ്ത 'കാറ്റത്തെ കിളിക്കൂട്' എന്ന ചിത്രത്തിലൂടെ രേവതി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
തുടർന്നു രേവതിയുടേത് ഒരു ജൈത്രയാത്ര തന്നെയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചു. സംസ്ഥാന, ദേശീയ പുരസ്ക്കാരങ്ങൾ പലതവണ നേടി. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായി അംഗീകരിക്കപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും മികച്ച പത്തു നടിമാരുടെ ലിസ്റ്റെടുത്താൽ അതിൽ മുൻനിരയിൽ തന്നെയുണ്ടാകും രേവതി. മിത്ര് മൈ ഫ്രണ്ട്, ഫിർമിലേൻഗേ, മകൾ (കേരള കഫേ), പാർസൽ (മുംബൈ കട്ടിംഗ്), സലാം വെങ്കി, എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.






