
തിരുവനന്തപുരം : കേരള സര്‍വകലാശാല യുവജനോത്സവത്തിലെ കോഴ ആരോപണത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റകാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വകരീക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ സർവകലാശാലകളും സർവ്വകലാശാല യൂണിയനുകളും ഏറ്റവും മനോഹരമായി സംഘടിപ്പിക്കുന്ന മത്സരങ്ങളാണ് ഇവ, കേരളത്തിൻ്റെ അഭിമാന മേളകളാണ് അതിനെ ഇത്തരത്തിൽ കളങ്കപ്പെടുത്താൻ സമ്മതിക്കില്ല എന്നും മന്ത്രി പറഞ്ഞു.
ഇന്നത്തെ കാലത്ത് ഇത്തരം മേളകൾക്ക് പ്രസക്തി വർധിക്കുന്നുണ്ട്. വിദ്യാർത്ഥികൾ മികച്ച രീതിയിൽ തന്നെ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതിൽ സാമൂഹ്യവിരുദ്ധരായ ആളുകൾ നുഴഞ്ഞ് കയറി പ്രശ്നം സൃഷ്ടിക്കുന്നുണ്ടെങ്കിൽ മാതൃകപരമായി നടപടി സ്വീകരിക്കണം എന്നും മന്ത്രി ചൂണ്ടികാട്ടി.
കേരള സർവകലാശാല കലോത്സവത്തിലെ അഴിമതി ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ പരാതി. എഡിജിപിക്കാണ് പ്രോഗ്രാം കമ്മിറ്റി കൺവീനറും എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റുമായ നന്ദന് പരാതി നൽകിയത്. കോഴ ഇടപാടിൻ്റെ തെളിവുകൾ സഹിതമാണ് പരാതി നൽകിയതെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു.
കേരള സർവകലാശാല കലോത്സവം അവസാനിച്ചതിന് പിന്നാലെ അഴിമതി ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. ആരോപണം ശരിവയ്ക്കുന്ന വാട്സാപ്പ് സന്ദേശങ്ങളും ഇന്നലെ പുറത്ത് വന്നു. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഗ്രൂപ്പുകളിലാണ് ശബ്ദരേഖ അടക്കമുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത്. മത്സരാർത്ഥികളും ഇടനിലക്കാരും തമ്മിലുള്ള ശബ്ദരേഖയാണ് പ്രചരിക്കുന്നത്. മാർഗംകളിയുടെ വിധി നിർണയത്തിന് പിന്നാലെയാണ് കോഴ ആരോപണം ഉയർന്നത്. വിധികർത്താക്കളുടെയും ഇടനിലക്കാരൻ്റെയും ഫോണുകൾ സംഘാടകർ പിടിച്ചെടുത്തിരുന്നു.






