ചോദ്യം: എനിക്ക് 35 വയസ്. സര്‍ക്കാര്‍ ജീവനക്കാരനാണ്. അഞ്ചു വര്‍ഷമായി എനിക്ക് അനല്‍ ഫിഷര്‍ രോഗമുണ്ട്. രക്തസ്രാവമുള്ളതിനാല്‍ പലപ്പോഴും ഓഫീസില്‍ പോകാന്‍ പോലും കഴിയാറില്ല. പല ഡോക്ടര്‍മാരെ കണ്ടു. ചിലര്‍ സര്‍ജറി വേണമെന്ന് പറഞ്ഞു. എന്നാല്‍ മറ്റു ചിലര്‍ മരുന്നുകൊണ്ടു മാറുമെന്ന് പറഞ്ഞു. ഭക്ഷണത്തില്‍ നിയന്ത്രണം ആവശ്യമാണെന്ന് ചിലര്‍. ഭക്ഷണത്തില്‍ നിയന്ത്രണവും മരുന്നും ഒക്കെ പരീക്ഷിച്ചിട്ടും മാറ്റമൊന്നുമില്ല. ഫിഷറിന് ശാശ്വത പരിഹാരം ഉണ്ടോ?
സന്തോഷ്കുമാര്‍, ഇരിങ്ങാലക്കുട
ഉത്തരം: വളരെ സാധാരണമായി കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് അനല്‍ ഫിഷര്‍. കക്കൂസില്‍ പോകുമ്പോള്‍ മലദ്വാരത്തില്‍ വേദന, രക്തസ്രാവം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. മലബന്ധമാണ് ഇത്തരത്തില്‍ മലദ്വാരത്തിലെ ചര്‍മ്മത്തില്‍ മുറിവ് ഉണ്ടാകുവാനുള്ള പ്രധാന കാരണം. ഭക്ഷണക്രമത്തിലും ദിനചര്യകളിലും ക്രമമില്ലാത്ത സ്വഭാവം, കൂടുതല്‍ ഉപ്പും മുളകും ചേര്‍ന്ന ഭക്ഷണം തുടങ്ങിയവയെല്ലാം പ്രശ്നത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമാകുന്നു. അനല്‍ ഫിഷര്‍ കാരണമുള്ള അസഹ്യമായ വേദനമൂലം പലപ്പോഴും കക്കൂസില്‍ പോകുന്നത് രോഗബാധിതര്‍ ഒഴിവാക്കുന്നു. സ്ത്രീകളില്‍ പ്രസവത്തിനു ശേഷം മലബന്ധം ഉണ്ടാകുന്നവരിലും ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നു.
അപൂര്‍വമായി ക്രോണ്‍സ് ഡിസീസ്, വിവിധതരം ലൈംഗിക രോഗങ്ങള്‍, ടി.ബി, മലദ്വാരത്തിലെ കാന്‍സര്‍ എന്നിവയുടെ ഭാഗമായും ഫിഷര്‍ ഉണ്ടാകാറുണ്ട്. ഭക്ഷണത്തില്‍ കൂടുതല്‍ ഇലക്കറികളും പച്ചക്കറികളും ചേര്‍ക്കുക വഴി മലബന്ധം കുറയ്ക്കാനും ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും സഹായിക്കുന്നു. മലബന്ധം തടയാന്‍ ഉപയോഗിക്കുന്ന വിവിധതരം മരുന്നുകളും മലം അയഞ്ഞു പോകുന്നതിന് സഹായിക്കുന്ന സ്റ്റൂള് സോഫ്ട്നറുകളും ഫിഷറിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. വാം സിറ്റ്സ് ബാത്ത് ഫിഷര്‍ ഭേദമാകാന്‍ വളരെയധികം സഹായിക്കുന്നു. അനല്‍ ഫിഷര്‍ മൂലമുള്ള വേദനകുറയ്ക്കാനും മലദ്വാരത്തിലെ പേശികളുടെ വലിഞ്ഞുമുറുക്കം കുറയ്ക്കാനും അതുവഴി മലബന്ധം തടയാനും സഹായിക്കുന്ന നൈട്രേറ്റ്, കാത്സ്യം, ചാനല്‍ ബ്ലോക്കേഴ്സ്, ലിഗ്നോകെയ്ന്‍ തുടങ്ങിയവ മലദ്വാരത്തില്‍ പുരട്ടുക വഴി ഫിഷര്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിയാറുണ്ട്.
ബോട്ടുലിനം ഇന്ജക്ഷന് ഫിഷറിന്റെ ചികിത്സയ്ക്ക് ഉപയോഗിച്ചുവരുന്നു. എന്നാല്‍ ഇത്തരം ചികിത്സകള്‍ വേണ്ടത്ര ഫലപ്രദമായില്ലെങ്കില്‍ സര്‍ജറി ആവശ്യമായി വന്നേക്കാം. കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം ഭക്ഷണ നിയന്ത്രണവും മരുന്നുംകൊണ്ട് കാര്യമായ വ്യത്യാസം കാണുന്നില്ലെങ്കില്‍ സര്‍ജറിയെക്കുറിച്ച് ചിന്തിക്കുന്നതാവും ഉചിതം. അതുകൊണ്ട് സര്‍ജനെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തി തുടര്‍ ചികിത്സ നടത്തുക.






