
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയതോടെ അങ്ങുമിങ്ങുമെല്ലാം ഓടി നടക്കേണ്ട സാഹചര്യത്തില്‍ സംസ്ഥാന പോലീസിന് എട്ടിന്റെ പണി നല്കി സംസ്ഥാനത്തെ സ്വകാര്യ പെട്രോള്‍ പമ്പുകള്‍. പോലീസുകാര്‍ക്ക് ഇനി മുതല്‍ ഇന്ധനം നല്‍കണ്ടേതില്ല എന്ന നിലപാട് സ്വകാര്യ പമ്പുടമകള്‍ എടുത്തതോടെ പോലീസ് വാഹനങ്ങള്‍ ഇന്ധനം തീര്‍ന്ന് വഴിയില്‍ കിടക്കേണ്ടി വരുമോ എന്ന് ആശങ്ക.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം അടിച്ച വകയിലുള്ള കുടിശ്ശിക വന്നതാണ് തിരിച്ചടിയായി മാറിയിരിക്കുന്നത്. തന്നു നീര്ക്കാനുള്ള പണം തീര്‍ത്തു നല്‍കാതെ ഇനി പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കേണ്ടതില്ലെന്ന കര്‍ശന നിലപാട് എടുത്തിരിക്കുകയാണ് സ്വകാര്യ പമ്പുടമകള്‍. മാര്‍ച്ച് പത്തുവരെ 28 കോടി രൂപയാണ് കുടിശികയിനത്തില്‍ കൊടുത്തു തീര്‍ക്കാനുള്ളത്.
ഏപ്രില്‍ ഒന്നുമുതല്‍ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഇന്ധനം കടം നല്‍കില്ലെന്ന് പെട്രോള്‍ പമ്പുടമകള്‍ അറിയിച്ചു. തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നത് എസ്എപി ക്യാമ്പിലെ പൊലീസ് പമ്പില്‍ നിന്നാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമുണ്ട് കുടിശ്ശിക. പണം നല്‍കിയാലേ അടുത്ത ലോഡുള്ളുവെന്ന് ഐഒസിയും അറിയിച്ചു.
ലോ്ക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ക്ക് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ള ദേശീയ നേതാക്കള്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് എത്തുന്നുണ്ട്. ഇതിന് പുറമേ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നുമുണ്ട്. ഇങ്ങിനെയിരിക്കെ പോലീസിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി ഓടിനടക്കേണ്ട സാഹചര്യത്തിലാണ് നടപടി.




