ന്യൂഡല്‍ഹി: 'മദ്യം ഉപേക്ഷിക്കാന്‍ പല തവണ താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. പക്ഷേ കൂടുതല്‍ പണമുണ്ടാക്കാന്‍ അയാള്‍ മദ്യനയമുണ്ടാക്കി'- മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ സാമൂഹ്യ പ്രവര്ത്തകന് അണ്ണാ ഹസാരെ. 'ഞാന്‍ വളരെ ദുഃഖിതനാണ്. അരവിന്ദ് കെജ്രിവാളിനെ പോലെ ഒരാള്‍, തനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നയാള്‍, മദ്യത്തിനെതിരെ ശബ്ദമുയര്ത്തിയിരുന്നവന്, പക്ഷേ ഇപ്പോള്‍ അയാള്‍ മദ്യനയമുണ്ടാക്കുന്നു. പക്ഷേ എന്താണ് ഉണ്ടായത്? സംഭവിച്ചതെന്തായാലും അത് നിയമപ്രകാരമാണെന്നും ഹസാരെ പ്രതികരിച്ചു.
ആം ആദ്മി പാര്‍ട്ടി മദ്യനയം രൂപീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ പറഞ്ഞു.
2011ല്‍ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുഖമായിരുന്നു അണ്ണാ ഹസാരെ. ഈ സമരത്തിലൂടെയാണ് ആം ആദ്മി പാര്‍ട്ടി രൂപംകൊളളുന്നതും. അന്ന് അദ്ദേഹത്തിന്റെ വലംകൈയായിരുന്നു കെജ്രിവാള്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ച ഹസാരെ, തന്റെ ആശീര്‍വാദം നല്കി അവരില്‍ നിന്നും അകലം പാലിക്കുകയായിരുന്നു. പല തവണ അദ്ദേഹം എഎപിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
മദ്യനയത്തിനെതിരെ ഹസാരെ മുന്‍പും വിമര്‍ശനമുന്നയിച്ചിരുന്നു. 2022ല്‍ കെജ്രിവാളിന് അയച്ച കത്തില്‍ നയത്തില്‍ തനിക്കുള്ള വേദന ചൂണ്ടിക്കാട്ടിയിരുന്നു.






