പാലക്കാട് ട്രെയിനിൽ നിന്നും മയക്കുമരുന്ന് പിടികൂടി. എറണാകുളം എക്സ്പ്രെസ്സ് ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നുമാണ് എക്സൈസ് മയക്കുമരുന്ന് പിടികൂടിയത്. 164 ഗ്രാം ഹെറോയിനാണ് എക്സൈസ് കണ്ടെടുത്തത്.
എറണാകുളം എക്സ്പ്രെസ്സ് ട്രെയിനിന്റെ മുൻവശത്തെ ജനറൽ കമ്പാർട്ടുമെന്റിൽ ലഗേജ് ക്യാരിയറിലുണ്ടായിരുന്ന കറുത്ത ഷോൾഡർ ബാഗിൽ നിന്നാണ് എക്സൈസിന് മയക്കുമരുന്ന് ലഭിച്ചത്. പരിശോധനയിൽ ഉടമസ്ഥനില്ലാത്ത ബാഗ് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഹെറോയിൻ കണ്ടെത്തിയത്. വിവിധ നിറങ്ങളിലുള്ള 16 സോപ്പു പെട്ടികളിൽ പ്ളാസ്റ്റിക് കവറുകളിലായിട്ടാണ് കറുത്ത ഷോൾഡർ ബാഗിൽ ഹെറോയിൻ സൂക്ഷിച്ചിരുന്നത്.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. ജിജി പോളും പാർട്ടിയും, ആർപിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായിട്ടാണ് ട്രെയിനിൽ പരിശോധന നടത്തിയത്. മയക്കുമരുന്ന് കൊണ്ടുവന്നവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.






