കൊല്‍ക്കൊത്ത: കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി അഭിജിത് ഗംഗോപാദ്ധ്യായ ബിജെപി ടിക്കറ്റില്‍ തംലുക് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതില്‍ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മന്ത്രി ഫിര്‍ഹദ് ഹക്കീം. ഏതെങ്കിലും ജഡ്ജിമാര്‍ നീതിന്യായ പീഠം വിട്ട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുണ്ടെങ്കില്‍ അവര്‍ അത്വരെ നല്കിയ ഉത്തരവുകളില്‍ ചില ചോദ്യങ്ങള്‍ ഉയരുമെന്ന് മന്ത്രി പറഞ്ഞു.
നീതിന്യായ പീഠം ദൈവത്തിന് തുല്യമാണ്. അവിടെ നിന്ന് ആരെങ്കിലും രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുണ്ടെങ്കില്‍ മുന്‍പ് അവര്‍ നടത്തിയ വിധി പ്രസ്താവങ്ങള്‍ പരിശോധിക്കണം. നമ്മുക്ക് വേണ്ടത് നിഷ്പക്ഷരായ ജഡ്ജിമാരെയാണ്. സമൂഹത്തെ കുറിച്ച് ചിന്തിച്ച് മുന്‍വിധിയോടെ അല്ലാതെ വിധി പറയുന്നവരെയാണ് വേണ്ടത്- മന്ത്രി പറഞ്ഞു.
മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ചതിനു തൊട്ടുപിന്നാലെ രാജ്യസഭാംഗമായി. രാമക്ഷേത്രത്തിന് അനുകൂലമായി വിധിയെഴുതി മുന്‍ സുപ്രീം കോടതി ജഡ്ജ് എസ്.അബ്ദുള്‍ നാസര്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിതനായി. വലിയ സ്വപ്നങ്ങളോടെ നീതിപീഠത്തിലിരിക്കുന്നവര്‍ വലിയ അപകടകാരികളാണെന്നും അദ്ദേഹം പറഞ്ഞു.






