ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കി കേന്ദ്രധനമന്ത്രി നിര്‍മല സിതാരാമന്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം തന്റെ പക്കലില്ലെന്നും അതിനാല്‍ ബിജെപി നേതൃത്വം നല്കിയ ഓഫര്‍ താന്‍ നിരസിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ആന്ധ്രാപ്രദേശില്‍ നിന്നോ തമിഴ്നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ബിജെപി പ്രസിഡന്റ് ജെ.പി നദ്ദ തന്നോട് ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങള്‍ നീണ്ട ആലോചനയ്ക്കു ശേഷം ആ ഓഫര്‍ താന്‍ നിരസിക്കുകയായിരുന്നു. 'സാധ്യത തീരെയില്ലെന്ന്' താന്‍ മറുപടി നല്കി. കാരണം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തന്റെ പക്കലില്ല. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും മത്സരിക്കുന്നതില്‍ താന്‍ പ്രശ്നം നേരിടുന്നുണ്ട്. വിജയത്തിന്റെ പല മാനദണ്ഡങ്ങളും അവര്‍ ഉന്നയിക്കും. നിങ്ങള്‍ ആ സമുദായത്തില്‍ നിന്നാണോ, ആ മതത്തില്പെട്ടതാണോ? അതില്‍ നിന്നാണോ എന്നൊക്കെ ചോദ്യങ്ങള്‍ ഉയരും. അല്ല എന്നായിരിക്കും തന്റെ മറുപടി. അങ്ങനെ ചെയ്യാന്‍ തനിക്കു കഴിയുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു. ടൈംസ് നൗ ഉച്ചകോടി 2024 ല്‍ സംസാരിക്കുകയായിരുന്നു അവര്‍.
തന്റെ നിലപാട് അംഗീകരിച്ചതില്‍ നന്ദിയുണ്ട്. അതുകൊണ്ട് താന്‍ മത്സരിക്കുന്നില്ല. രാജ്യത്തിന്റെ നധമന്ത്രിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ലേ എന്ന ചോദ്യത്തിന് രാജ്യത്തിന്റെ സഞ്ചിത നിധി തന്റെ സ്വന്തമല്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.
എന്റെ ശമ്പളവും വരുമാനവും സമ്പാദ്യവുമെല്ലാം സ്വന്തമാണ്. എന്നാല്‍ രാജ്യത്തിന്റെ സഞ്ചിത നിധി സ്വന്തമല്ല.- മന്ത്രി മറുപടി നല്കി.
പിയുഷ് ഗോയല്‍, ഭൂപേന്ദര്‍ യാദവ്, രാജീവ് ചന്ദ്രശേഖര്‍, മന്‍സൂക് മാണ്ഡവിയ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങി രാജ്യസഭാംഗങ്ങളായ മന്ത്രിമാര്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് നിര്‍മല. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും അവര്‍ പറയുന്നു.






